സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ

കൊച്ചി: നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നിയമനടപിയുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് താരം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച അപകീർത്തികരമായ കുറിപ്പുകളും പരാമർശങ്ങളും ഉടൻ പിൻവലിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തന്നെ ലക്ഷ്യമിട്ട് നിരന്തരം നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ വ്യക്തിജീവിതത്തെയും പ്രതിച്ഛായയെയും ബാധിക്കുന്നതാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും, തനിക്കെതിരെയുള്ള കേസുകൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളിലെ സമഗ്ര അന്വേഷണം, തനിക്കെതിരെയുള്ള കേസിലെ ദുരൂഹത നീക്കൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ നൂറ് ദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിഷയങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാരോ നിയമസംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്ന് സനൽകുമാർ ആരോപിക്കുന്നു. താൻ പോരാടുന്നത് വലിയൊരു മാഫിയയ്‌ക്കെതിരെയാണെന്നും ഇതൊരു വ്യക്തിപരമായ വിഷയമല്ല, വലിയ സാമൂഹിക പ്രസക്തിയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹവും ജനങ്ങളും ഈ വിഷയത്തിൽ പിന്തുണയുമായി മുന്നോട്ടുവരണമെന്നും സനൽകുമാർ ശശിധരൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button