സ്വകാര്യബസുകളുടെ മത്സരയോട്ടം; എറണാകുളത്ത് മാത്രം രജിസ്റ്റർ ചെയ്തത് 80 കേസുകൾ, ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി
കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും മത്സരയോട്ടത്തിനുമെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും എംവിഡി നടത്തിയ വ്യാപക പരിശോധനയിൽ 80 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമലംഘനം നടത്തിയ ബസുടമകളിൽ നിന്നായി ഒന്നര ലക്ഷത്തോടടുത്ത് രൂപ പിഴ ഈടാക്കുകയും ചെയ്തു.എറണാകുളം, കലൂർ, ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, തേവര തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ബസുകളുടെ മത്സരയോട്ടം, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, പെർമിറ്റ് ലംഘനം, ലൈസൻസില്ലാതെ വാഹനമോടിക്കൽ എന്നിവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ, വാതിൽ തുറന്നിട്ട് അപകടകരമായ രീതിയിൽ സർവീസ് നടത്തൽ, മ്യൂസിക് സിസ്റ്റം ഉപയോഗിക്കൽ, ബോർഡ് മാറ്റിവെച്ചുള്ള ട്രിപ്പ് കട്ടെയ്‌ൽമെന്റ്, നമ്പർ പ്ലേറ്റ് മറയ്ക്കൽ, അനധികൃത മാറ്റങ്ങൾ വരുത്തൽ തുടങ്ങിയ നിയമലംഘനങ്ങളും വ്യാപകമായി കണ്ടെത്തി. ബസ് സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്നതും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നതും തടയാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം





