ആലപ്പുഴ എടത്വാ ജങ്ഷനില്‍ വന്‍ തീപിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു ഒഴിവായത് വന്‍ ദുരന്തം
ആലപ്പുഴ | ആലപ്പുഴ എടത്വാ ജങ്ഷനില്‍ വന്‍ തീപിടിത്തം. മൂന്ന് കടകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. ഞായറാഴ്ച രാത്രി 8.45-ഓടെയാണ് ചന്തക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്.
കരിക്കംപള്ളി പലചരക്ക് കട, സോണി ഗ്ലാസ് ഹൗസ്, എം വി സ്റ്റോഴ്സ് എന്നിവയാണ് കത്തിയത്. ഇതില്‍ പലചരക്കുകടയും എം വി സ്റ്റോഴ്‌സും പൂര്‍ണ്ണമായും ഗ്ലാസ് ഹൗസ് ഭാഗികമായും കത്തിനശിച്ചു. കൂടാതെ, സമീപത്തെ ഇന്‍സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലറിലേക്കും അമല ഫ്രൂട്ട്സ് ആന്‍ഡ് സ്റ്റോഴ്‌സിലേക്കും തീ പടര്‍ന്നുപിടിക്കുകയുണ്ടായി.
കടകളുടെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ത്താണ് അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്. തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.





