വിദ്യാർഥിനിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ
കോഴിക്കോട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് ഇയാൾ പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർഥിനിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി.
ഭയന്നുപോയ വിദ്യാർഥിനിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.
പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിനകം ഇയാളെ തിരിച്ചറിഞ്ഞ പോലീസ്, അൻഷാദ് ഇപ്പോൾ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.





