കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും അറസ്റ്റിൽ
ബംഗളൂരു: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ. ബംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റി പൊലീസ് പരിധിയിലാണ് സംഭവം. ദൊഡ്ഡതോഗുരു സ്വദേശി ഉപേന്ദ്ര (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അനിത (36), കാമുകൻ തലസാനി മധുസൂദന റെഡ്ഡി (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 12നാണ് ഉപേന്ദ്ര മരിച്ചത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കാൽവഴുതി വീണെന്നും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നുമായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉപേന്ദ്രയുടെ മരണം ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തി. ഉപേന്ദ്രയുടെ ഇളയ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മധുസൂദന റെഡ്ഡിയെ ചോദ്യം ചെയ്തപ്പോഴാണ് അനിതയുമായുള്ള ബന്ധത്തിന്റെ വിവരം പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ഉപേന്ദ്ര അറിഞ്ഞിരുന്നുവെന്നും ബന്ധത്തിൽനിന്ന് പിന്മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.ഉപേന്ദ്ര തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 12ന് പുലർച്ചെ ഉപേന്ദ്രയെ കഴുത്തുഞെരിച്ചും വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം പുറത്തറിയാതിരിക്കാനാണ് ശുചിമുറിയിലേക്ക് പോകുന്നതിനിടെ കാൽവഴുതി വീണ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ഇരുവരും പ്രചരിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.അനിതയെ ദൊഡ്ഡതോഗുരുവിലെ വീട്ടിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തതു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.ഇരുവരെയും കോടതിയിൽ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




