കസ്റ്റഡി മർദന പരാതി; 15 വർഷത്തിന് ശേഷം മുൻ സിഐക്കെതിരെ കേസ്

കോഴിക്കോട്: കല്ലാച്ചി സ്വദേശിയായ യുവാവിനെ രണ്ടുദിവസം നാദാപുരം പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ 15 വർഷത്തിന് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി. കല്ലാച്ചി പയന്തോങ്ങിലെ വലിയപറമ്പത്ത് രാഗേഷ് (39) നൽകിയ പരാതിയിലാണ് ഹൈക്കോടതി നിർദേശപ്രകാരം നാദാപുരം മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.

2011ൽ നാദാപുരം സിഐ ആയിരുന്ന ഉദയഭാനുവിനെതിരെയാണ് കേസെടുത്ത് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2011 ഫെബ്രുവരി 27ന് കല്ലാച്ചിയിൽ നിന്ന് വില്യാപ്പള്ളിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന രാഗേഷിനെ നാദാപുരത്ത് വെച്ച് പോലീസ് ജീപ്പിലെത്തിയ സിഐ ഉദയഭാനു പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി. വീടിന് ബോംബെറിഞ്ഞ കേസിൽ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് രണ്ടുദിവസം ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം കേസിൽ പ്രതിചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എന്നായിരുന്നു പരാതി.

അടുത്ത ദിവസം തന്നെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയെങ്കിലും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെട്ട് പരാതി തള്ളുകയായിരുന്നു.

തുടർന്ന് രാഗേഷ് ഹൈക്കോടതിയെ സമീപിച്ചു. ലോക്കപ്പ് മർദന പരാതി സ്വീകരിക്കാതിരുന്ന മജിസ്ട്രേറ്റ് കോടതിയെ വിമർശിച്ച ഹൈക്കോടതി, നാദാപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു. തുടർന്ന് കേസ് വീണ്ടും വാദത്തിനെടുക്കുകയും സിഐക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു.

2026 നവംബർ 3ന് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഉദയഭാനുവിന് സമൻസ് അയച്ചിട്ടുണ്ട്. ഉദയഭാനു ഇപ്പോൾ സർവീസിൽ ഇല്ല.

നീതിനിർവഹണ സംവിധാനത്തിലുള്ള വിശ്വാസം വർധിച്ചതായി രാഗേഷ് പറഞ്ഞു. അഡ്വ. എം. സിജുവാണ് രാഗേഷിന് വേണ്ടി ഹാജരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button