ലക്ഷദ്വീപിലേക്ക് കടൽവഴി ഇനി ദിവസേന യാത്ര; 250 പേർക്ക് സഞ്ചരിക്കാവുന്ന ‘തേജ’ ബേപ്പൂരിലെത്തി
കോഴിക്കോട്: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാ സർവീസ് നടത്തുന്നതിനായുള്ള സ്വകാര്യ യാത്രാക്കപ്പൽ ‘തേജ’ ബേപ്പൂർ തുറമുഖത്തെത്തി. 250 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന കപ്പലാണിത്. ആവശ്യമായ ഔദ്യോഗിക നടപടികളും അനുമതികളും വേഗത്തിൽ പൂർത്തിയാക്കി ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്തിന്റെ സമുദ്രഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച ‘മിഷൻ സമുദ്ര’ എന്ന വികസന കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ സ്വകാര്യ സംരംഭം. കേരളത്തിന്റെ തീരദേശവും തുറമുഖങ്ങളും പരമാവധി ഉപയോഗപ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിക്ക് നേതൃത്വം നൽകുന്ന ശുഭം എന്റർപ്രൈസസ് ഉടമയും സിഇഒയുമായ ഡോ. സുന്ദരരാജ് പൊന്നുസാമി, നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തോടി എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ബേപ്പൂർ- ലക്ഷദ്വീപ് സർവീസിന്റെ പ്രാധാന്യവും പദ്ധതിയുടെ പുരോഗതിയും ഇരുവരും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രി നൽകിയ മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും ഉൾക്കൊണ്ടാണ് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.കേവലം ഒരു യാത്രാസംവിധാനം എന്നതിലുപരി കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ വലിയ വികസന സാധ്യതകൾ തുറക്കുന്നതാണ് പുതിയ സർവീസ്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ ദിവസേനയുള്ള സർവീസ് സഹായകമാകും. ഇരു പ്രദേശങ്ങളും തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം ദൃഢമാക്കാനും ഇതിലൂടെ സാധിക്കും.മാത്രമല്ല, ചരിത്രപ്രസിദ്ധമായ ബേപ്പൂർ തുറമുഖത്തിന്റെ യാത്രാ-വിനോദസഞ്ചാര മേഖലയിലെ മുഖച്ഛായ മാറ്റാനും പുതിയ സംരംഭം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരദേശം, തുറമുഖങ്ങൾ, നദികൾ, ഉൾനാടൻ ജലപാതകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി പുതിയ വികസന മാതൃകകൾ സൃഷ്ടിക്കുകയാണ് ‘മിഷൻ സമുദ്ര’യുടെ ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാക്കപ്പൽ സർവീസുകളും സമുദ്ര വിനോദസഞ്ചാരവും വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ‘തേജ’. നിലവിൽ ബേപ്പൂരിലെത്തിയ കപ്പലിന്റെ ഔദ്യോഗിക അനുമതികൾ സമയബന്ധിതമായി പൂർത്തിയായാൽ ഈ മാസം തന്നെ ലക്ഷദ്വീപിലേക്കുള്ള യാത്ര ആരംഭിക്കാനാകും.





