ഷട്ടർ തകർത്തില്ല, പൂട്ട് പൊളിച്ചില്ല; 9 ഇഞ്ച് കനമുള്ള ഭിത്തി തുരന്ന് മൂന്ന് മണിക്കൂറിനുള്ളിൽ കവർച്ച; 12 കോടിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു
ഭോപ്പാൽ: മധ്യപ്രദേശ് കട്നിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ പിൻഭാഗത്തെ 9 ഇഞ്ച് കനമുള്ള ഭിത്തി തുരന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. 12 കോടി രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടെന്നാണ് വിവരം. കട്നിയിലെ എൽഐസി ഓഫീസിന് സമീപമുള്ള ബർഗവാൻ പ്രദേശത്തെ ‘കിസ്ന ജ്വല്ലേഴ്സിൽ’ വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാരെത്തി ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. ജ്വല്ലറിയിലെ ഡിസ്പ്ലേ കൗണ്ടറുകൾ കാലിയായിരുന്നു. ലോക്കറുകൾ തകർത്ത നിലയിലും കാണപ്പെട്ടു. ജീവനക്കാർ ഉടൻ ഷോറൂം ഉടമ മോഹൻ ബജാജിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഉത്സവ സീസണായതിനാൽ ഷോറൂമിൽ സാധാരണയേക്കാൾ കൂടുതൽ ആഭരണങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്ന് മോഹൻ ബജാജ് പറഞ്ഞു. ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജ്വല്ലറിക്കുള്ളിൽ കടക്കാൻ മോഷ്ടാക്കൾ സ്വീകരിച്ച രീതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ പ്രധാനമായും അതിശയിപ്പിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 4 മണിക്കും 7 മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് കട്നി സൂപ്രണ്ട് ഓഫ് പൊലീസ് അഭിനവ് വിശ്വകർമ വ്യക്തമാക്കി. ഷട്ടറോ മുൻഭാഗത്തെ വാതിലോ തുറക്കുന്നതിന് പകരം, പിൻഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 9 ഇഞ്ച് കനമുള്ള ഭിത്തി തുരന്നെങ്കിൽ അതിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടൽ. ജ്വല്ലറിയുടെ ലേഔട്ട് മോഷ്ടാക്കൾ മുൻകൂട്ടി കൃത്യമായി പഠിച്ചിട്ടുണ്ടെന്നും ലോക്കറുകളെയും ഡിസ്പ്ലേ കൗണ്ടറുകളുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിട്ടതെന്നും എസ്പി അഭിനവ് വിശ്വകർമ വ്യക്തമാക്കി.ഷോറൂമിനുള്ളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ അടുത്തുള്ള റോഡുകൾ, മാർക്കറ്റുകൾ, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. മോഷ്ടാക്കൾ എങ്ങനെയാണ് ജ്വല്ലറിക്ക് സമീപമെത്തിയതെന്നും രക്ഷപ്പെട്ടതിന് ശേഷം അവർ ഏത് വഴിയാണ് പോയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഫോറൻസിക് സംഘവും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തകർന്ന ഭിത്തി, ലോക്കറുകൾ, ഡിസ്പ്ലേ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്ന് കുറ്റവാളികളെ തിരിച്ചറിയുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.





