വീണ്ടും നിപ മരണം; മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കുമരംപുത്തൂർ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിലെ സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് 497 പേരാണ് നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട് 114, മലപ്പുറം 203, പാലക്കാട് 178, എറണാകുളം രണ്ട് എന്നിങ്ങനെയാണ് കണക്ക്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റിവായി. പാലക്കാട് അഞ്ചു പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 14 പേര് ഹൈയസ്റ്റ് റിസ്കിലും 82 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു.
