”ഇത് സാരിയല്ലാതെ ചാക്കായിട്ട് തോന്നിയോ…”: മന്ത്രകോടിയെക്കുറിച്ചുള്ള ചോദ്യത്തിന് റിമി ടോമിയുടെ മറുപടി
ഗായിക റിമി ടോമിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹസത്കാര വേളയിൽ അവതാരകൻ ചോദിച്ച ചോദ്യങ്ങളും റിമി ടോമിയുടെ തമാശ കലർന്ന മറുപടികളുമെല്ലാം ഏറെ താത്പര്യത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. മന്ത്രകോടിയായി അണിഞ്ഞ സാരിയോടൊപ്പം കൈകളിൽ ധരിച്ച ഷാളിനെക്കുറിച്ചായിരുന്നു അവതാരകൻ്റെ ചോദ്യം. ഇത് സാരിയല്ലാതെ ചാക്കായിട്ട് തോന്നിയോ എന്നായിരുന്നു റിമിയുടെ തമാശരൂപേണയുള്ള മറുപടി. ഡബിൾ ദുപ്പട്ട സ്റ്റൈലിലാണ് റിമി മന്ത്രകോടി ഉടുത്തിരുന്നത്.വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുത്തതിനെക്കുറിച്ചും റിമി വെളിപ്പെടുത്തി. വിവാഹവസ്ത്രങ്ങൾ ഒരുപാട് കടകളിൽ കയറി കഷ്ടപ്പെട്ട് തിരഞ്ഞെടുത്തതല്ല. കല്യാണത്തിന് പത്ത് ദിവസം മുൻപ് ലിബിനൊപ്പം ഡോംബിവല്ലിയിലെ ഒരു കടയിൽ പോയപ്പോൾ അവർ ആദ്യം കാണിച്ച സാരി തന്നെ വാങ്ങുകയായിരുന്നു. കണ്ടപ്പോൾ തന്നെ ഇത് മതിയെന്ന് രണ്ടുപേരും ഉറപ്പിച്ചു. വെള്ള ഗൗണിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു. അന്ധേരിയിലെ ഒരു കടയിൽ നിന്നാണ് അത് വാങ്ങിയത്. കല്യാണത്തിന് പത്ത് ദിവസം മുൻപൊന്നും ആരും വന്ന് വസ്ത്രം വാങ്ങില്ലെന്നായിരുന്നു കടക്കാർ തന്നെ പറഞ്ഞത്. അവിടെയും ആദ്യം കണ്ട ഗൗൺ തന്നെ സെലക്ട് ചെയ്യുകയായിരുന്നു. ഇട്ട് നോക്കിയപ്പോൾ കൃത്യം പാകമായി. ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചത്. വിവാഹ വസ്ത്രങ്ങളൊക്കെ പെട്ടെന്ന് തുന്നിച്ചെടുക്കേണ്ടി വരുമെന്നും സമയം ഉണ്ടാകില്ലെന്നുമൊക്കെ പലരും പറഞ്ഞിട്ടും അത്തരത്തിലൊന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം പോയി എല്ലാം വാങ്ങി വരികയായിരുന്നുവെന്ന് റിമി വ്യക്തമാക്കി. വിവാഹച്ചടങ്ങിന് വൈറ്റ് ഗൗണിലായിരുന്നു റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു ലിബിന്റെ വേഷം. വിവാഹസത്ക്കാരത്തിൽ കോറൽ പിങ്ക് നിറത്തിലുള്ള മനോഹരമായ സിൽക്ക് സാരി അണിഞ്ഞാണ് റിമി തിളങ്ങിയത്. ഡബിൾ ദുപ്പട്ട സ്റ്റൈലിലാണ് സാരി ഡ്രേപ് ചെയ്തിരുന്നത്.





