കുഞ്ഞിന്റെ ജീവനെടുത്തത് മിഠായിയല്ല; പോസ്റ്റുമോർട്ടത്തിൽ പുറത്തുവന്നത് അമരയ്ക്കാ കുരു
തൃശൂർ: പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തൊണ്ടയിൽ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതു സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.പറപ്പൂക്കര പള്ളം തോട്ടുങ്ങൽ പുതുപ്പള്ളി പറമ്പിൽ റൂബി -അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. മിഠായി തൊണ്ടയിൽ കുടുങ്ങിയെന്ന് കരുതി കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി തൃശൂർ ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരുവാണെന്ന് കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഏയ്ബലിന് ഒരു സഹോദരനുണ്ട്. ആറാം ക്ലാസ് വിദ്യാർഥി ആരോൺ. കുഞ്ഞിന്റെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ചെയ്യേണ്ടത് കുഞ്ഞിന് ശക്തമായി ചുമക്കാനും കരയാനും ശ്വാസമെടുക്കാനും കഴിയുന്നുണ്ടെങ്കിൽ ചുമച്ച് വസ്തു പുറത്തുകളയാൻ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യണം. ചുമ ദുർബലമാകുകയോ ശ്വാസമെടുക്കാൻ കഴിയാതാകുകയോ ചെയ്താൽ ഉടൻ ഇടപെടണം. കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണമോ ചെറിയ വസ്തുക്കളോ കുടുങ്ങുന്നത് അതീവ അപകടകരമായ സാഹചര്യമാണ്. പ്രത്യേകിച്ച് ശ്വാസനാളത്തിൽ കുടുങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ ജീവന് ഭീഷണിയാകാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ പ്രായത്തിനനുസരിച്ചുള്ള പ്രഥമശുശ്രൂഷ നൽകുകയും അടിയന്തര വൈദ്യസഹായം തേടുകയും വേണം. പെട്ടെന്ന് ചുമക്കുകയോ ശ്വാസംമുട്ടുകയോ ചെയ്യുക, കരയാനോ ശബ്ദമുണ്ടാക്കാനോ കഴിയാതിരിക്കുക, ശ്വാസമെടുക്കുമ്പോൾ അസാധാരണമായ ശബ്ദം കേൾക്കുക, ശ്വാസമെടുക്കാനാകാതെ പരിഭ്രാന്തി പ്രകടിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങൾ കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണ്.





