”ആരാണ് എന്നെ വിളിച്ചത്?”; ഡൽഹിയിൽ സ്റ്റേഷനില് കയറി ഒമ്പത് പൊലീസുകാരെ കുത്തിവീഴ്ത്തി യുവാവ്; പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി
ഡൽഹി: ഡൽഹിയിലെ ജമാ മസ്ജിദ് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ആക്രമണത്തിൽ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റു. ജമാ മസ്ജിദ് കലാ മഹൽ സ്വദേശിയായ നബീൽ (30) എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയുതിർക്കുകയും പ്രതിയുടെ കാലിൽ ആറ് തവണ വെടിയേൽക്കുകയും ചെയ്തു.തൊഴിൽരഹിതനായ നബീൽ പണത്തിന് വേണ്ടി അമ്മയെയും സഹോദരിയെയും നിരന്തരം മർദിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മർദനം സഹിക്കാൻ കഴിയാതെ വന്നതോടെ അവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെ അമ്മയും സഹോദരിയും വീണ്ടും സ്റ്റേഷനിലെത്തി. പരാതി കേട്ട സ്റ്റേഷൻ എസ്ഐ അജയ് ഉടനെ നബീലിനെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. വരാൻ പറ്റില്ലെന്നായിരുന്നു നബീൽ ആദ്യം പറഞ്ഞത്. എന്നാൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അമ്മയും സഹോദരിയും സ്റ്റേഷനിലുണ്ടെന്നും അറിയിച്ചതോടെ നബീൽ പ്രകോപിതനായി. ഉച്ചയ്ക്ക് 2:30-ഓടെ അയാൾ കത്തിയുമായി സ്റ്റേഷനിലെത്തി. സ്റ്റേഷനുള്ളിലേക്ക് കയറിയ നബീൽ ആരാണ് എന്നെ വിളിച്ചത് (“കിസ്നെ ബുലായ മുഝേ?”) എന്ന് ചോദിച്ചു. എസ്ഐ ആണെന്ന് പറഞ്ഞതും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അദ്ദേഹത്തെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസുകാരെയും ആക്രമിച്ചു. ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നിങ്ങനെ അഞ്ചുപേരെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. ചിലരുടെ മുഖത്തും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ സഞ്ജീവൻ ആശുപത്രിയിലും പിന്നീട് സർ ഗംഗാ റാം ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട നബീൽ ഓൾഡ് ഡൽഹിയിലെ ഇടുങ്ങിയ ഇടവഴികളിലൂടെ നീങ്ങുകയും വഴിയിൽ വെച്ച് ഒരാളുടെ ഇരുചക്രവാഹനം ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് സെൻട്രൽ ഡിസ്ട്രിക്ട് പൊലീസിന്റെ ഓപ്പറേഷൻസ് യൂണിറ്റും സ്പെഷ്യൽ സ്റ്റാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് 4:30-ഓടെ ചാന്ദ്നി മഹലിന് സമീപമുള്ള ചിത്ലി ഖബർ ഭാഗത്ത് വെച്ചാണ് ഇയാളെ കണ്ടെത്തിയത്. പൊലീസ് സംഘം വളഞ്ഞതോടെ നബീൽ വീണ്ടും കത്തിയെടുത്ത് ആക്രമിച്ചു. ഈ ആക്രമണത്തിൽ സ്പെഷ്യൽ സ്റ്റാഫിലെ നാല് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. പരിക്കേറ്റ അങ്കിത്, ജയന്ത്, ലോകേഷ്, പർമീന്ദർ എന്നിവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ എട്ട് റൗണ്ട് വെടിയുതിർക്കുകയും ആറ് വെടിയുണ്ടകൾ നബീലിന്റെ കാലിൽ തറയ്ക്കുകയും ചെയ്തു.കാലിൽ വെടിയേറ്റ നബീലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം രൂക്ഷമായതിനാൽ ഇയാൾ ചികിത്സയിൽ തുടരുകയാണ്. നബീലിന് മാനസിക പ്രശ്നങ്ങളില്ലെന്നും എന്നാൽ അക്രമാസക്തമായ സ്വഭാവമുള്ളയാളാണെന്നും സെൻട്രൽ ഡി.സി.പി രോഹിത് രാജ്ബീർ സിംഗ് അറിയിച്ചു. സംഭവത്തിൽ ജമാ മസ്ജിദ്, ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022ൽ ദര്യാഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.





