കരിപ്പൂരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവേട്ട; ഒന്നര കിലോയോളം സ്വർണമിശ്രിതം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസിന്റെ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന് ഷൂവില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന കള്ളക്കടത്ത് സ്വര്‍ണം മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേക സ്ക്വാഡും കരിപ്പൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പാതിരിയാട് സ്വദേശി അസ്സു (47) പിടിയിലായി. ബുധനാഴ്ച പുലര്‍ച്ചെ 1.45ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അസ്സു. വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ ധരിച്ചിരുന്ന ഷൂവില്‍ റെക്സിന് പോലുള്ള വസ്തുകൊണ്ട് പൊതിഞ്ഞ നിലയില്‍ 1.467 കിലോ സ്വര്‍ണ മിശ്രിതം പിടിച്ചെടുക്കുകയായിരുന്നു. യാത്രക്കാരനെയും തൊണ്ടി വസ്തുക്കളും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് വസ്ത്രത്തിലും ശരീരത്തിനകത്തുമായി രണ്ട് യാത്രക്കാര്‍ ഒളിപ്പിച്ചുകൊണ്ടുവന്ന രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടിയിരുന്നു. സ്വര്‍ണം സ്വീകരിക്കാനെത്തിയ രണ്ട് പേരും പൊലീസിന്റെ പിടിയിലായിരുന്നു.





