കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത! ബാഗിന്റെ ഭാരം കുറക്കാൻ ശാസ്ത്രീയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ അധികഭാരം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികൾക്ക് നല്ല ആരോഗ്യവും ആയാസരഹിതമായ പഠനവും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി. പ്രധാന നിർദേശങ്ങൾ: സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുക കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക ഇതുവഴി കുട്ടികൾ വീട്ടിൽനിന്ന് കൂടുതൽ സാധനങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കുക ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന വിധത്തിൽ സ്കൂൾ സമയക്രമം പുനഃക്രമീകരിക്കുക പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുക ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂടുതൽ വിപുലീകരിച്ച് സ്മാർട്ട് ബോർഡുകളിലൂടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും അനുബന്ധ അധ്യാപന പ്രവർത്തനങ്ങളും ഒരേസമയം വിദ്യാർഥികൾക്ക് ദൃശ്യമാക്കുന്നതിനുള്ള സംവിധാനവും പരിഗണിക്കുക നാല് വർഷം കൊണ്ട് സംസ്ഥാനം മുഴുവൻ നടപ്പാക്കും അടുത്ത അധ്യയന വർഷം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കും. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സ്കൂൾ അധികൃതരുടെ താൽപര്യവും പരിഗണിച്ചായിരിക്കും പൈലറ്റ് പദ്ധതിക്കായി വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുക. നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യതകളും പരിഗണിക്കും. നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ എൽ.പി, യു.പി വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കാനാണ് യോഗത്തിന്റെ തീരുമാനം. കൂടാതെ, പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നൽകും. വിദ്യാർഥികളുടെ ചുമലിലെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക എന്നതിലുപരി, അനാവശ്യമായ പഠനഭാരവും ഭൗതികമായ ചുമടും ലഘൂകരിച്ച് കുട്ടികൾക്ക് കൂടുതൽ ആരോഗ്യകരവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ ലക്ഷ്യം. ചർച്ചയിൽ വിശദമായി വിശകലനം ചെയ്ത നിർദേശങ്ങളുടെയും പദ്ധതികളുടെയും പ്രായോഗികതയും ഫലപ്രദമായ നടപ്പാക്കലിനുള്ള സാധ്യതകളും സമഗ്രമായി വിലയിരുത്തി, തുടർനടപടികൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി., കൈറ്റ്, ഡി.ജി.ഇ., എസ്.എസ്.കെ. എന്നീ നാല് സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ ഉൾപ്പെടുന്ന സംയുക്ത സമിതിയെയും നിയോഗിച്ചു.





