ഭാരതത്തിന്റെ സൈനിക ശക്തി; ആഗ്നേയാസ്ത്രമായി ഇന്ത്യയുടെ ‘മിസൈൽ വിസ്മയം’ പരീക്ഷിച്ചു!
ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക ശക്തി വിളിച്ചോതിക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യയായ മിർവ് (MIRV) ഉൾപ്പെടുത്തിയ അഗ്നി മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) വെള്ളിയാഴ്ച ഈ വമ്പൻ പരീക്ഷണം നടത്തിയത്. ഒരേസമയം വിവിധ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈൽ പരീക്ഷണം ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.സാധാരണ മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഒരേ മിസൈലിൽ തന്നെ ഒന്നിലധികം പോർമുനകൾ (Payloads) വഹിക്കാൻ സാധിക്കുമെന്നതാണ് ഈ ‘മിർവ്’ സാങ്കേതികവിദ്യയുടെ പ്രത്യേകത. ഇന്ത്യൻ സമുദ്രമേഖലയിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ വ്യത്യസ്ത ഇടങ്ങളിലായി നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ഈ പരീക്ഷണത്തിലൂടെ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഒരേസമയം പല നഗരങ്ങളോ സൈനിക താവളങ്ങളോ ലക്ഷ്യം വെക്കാൻ ഈ മിസൈലിലൂടെ ഭാരതത്തിന് സാധിക്കും.വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർക്കും ഇന്ത്യൻ സൈന്യത്തിനും പ്രതിരോധ വ്യവസായ മേഖലയ്‌ക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യത്തിന് നേരെയുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ഈ മിസൈൽ കരുത്ത് പകരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.





