തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞു, പെരമ്പൂർ നിലനിർത്തി വിജയ്, ഉപതെരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാകും?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ വിജയം നേടിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു. പെരമ്പൂർ മണ്ഡലത്തിലെ അംഗത്വം അദ്ദേഹം നിലനിർത്തി.ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിജയിയുടെ രാജിക്കത്ത് മുതിർന്ന ടിവികെ നേതാക്കളായ കെ.എ. സെങ്കോട്ടയ്യൻ, പി. വെങ്കടരമണൻ എന്നിവർ ചേർന്ന് നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന് കൈമാറി.തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിവ് വന്നതായി നിയമസഭാ സെക്രട്ടേറിയറ്റ് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ വിജയ് രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഭരണഘടനാനുസൃതമായി ഒരാൾക്ക് ഒരു സീറ്റിൽ മാത്രമേ തുടരാനാകൂ എന്നതിനാലാണ് അദ്ദേഹം തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിയാൻ തീരുമാനിച്ചത്. അതേസമയം ഇവിടെ വിജയിക്ക് പകരം ആരും വരും എന്ന് ഇപ്പോള്‍ വ്യക്തമല്ല. ടിവികെ തന്നെ മത്സരിക്കുമോ അതോ സഖ്യത്തിലെ മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ തീരുമാനമാകും. ഡിഎംകെ സ്ഥാനാർഥിയായ എസ്. ഇനിഗോ ഇരുദയരാജിനെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ വിജയ് പരാജയപ്പെടുത്തിയത്. 91,381 വോട്ട് നേടിയ വിജയ് കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ജയിച്ചത്. പെരമ്പൂരിൽ ആർ.ഡി. ശേഖറിനെയായിരുന്നു വിജയ് തോൽപിച്ചത്. വിജയ് 1,20,365 വോട്ടുകൾ നേടിയപ്പോൾ ശേഖറിന് ലഭിച്ചത് 66,650 വോട്ടുകളായിരുന്നു.നിലവിൽ 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. വിജയ് ഒരു സീറ്റ് ഒഴിഞ്ഞതോടെ നിയമസഭയിൽ പാർട്ടിയുടെ അംഗബലം താത്കാലികമായി 107 ആയി കുറഞ്ഞു. 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം. അത് വിജയ് ഇന്നലെ ഉറപ്പിച്ചിരുന്നു. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെ(2) മുസ്‌ലിം ലീഗ്(2) എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ കേവല ഭൂരിപക്ഷമായ 118 ടിവികെ മറികടന്നിരുന്നു. അഞ്ചുദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഒരു വനിതാ മന്ത്രി ഉൾപ്പെടെ ഒമ്പത് മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. അതേസമയം സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയിയുടെ ഈ കുതിപ്പിനെ തമിഴ് സിനിമാ ലോകം ഒന്നടങ്കം ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button