ആരാകും പ്രതിപക്ഷ നേതാവ്?; കേരളത്തിലെ തോൽവിയിൽ പോളിറ്റ് ബ്യൂറോയിൽ ഇന്നും ചർച്ച

ന്യൂ ഡൽഹി: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ചകളുമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസവും ഡൽഹിയിൽ തുടരുകയാണ്. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ചു. ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിനെ സ്വാധീനിച്ചോ എന്ന കാര്യത്തിൽ ഗൗരവമായ പരിശോധനയാണ് റിപ്പോർട്ടിലുള്ളത്. ഇന്നലെ രാത്രി വൈകിയും തുടർന്ന ചർച്ചകളിൽ, പാർട്ടിയുടെ അടിത്തറയിലുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു.കേരളത്തിന് പുറമെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രകടനവും യോഗം വിലയിരുത്തുന്നുണ്ട്. പശ്ചിമ ബംഗാളിലും അസമിലും പാർട്ടിക്ക് നേരിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും കേരളത്തിലെ തിരിച്ചടി ദേശീയ തലത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 140 അംഗ നിയമസഭയിൽ കേവലം 35 സീറ്റുകളിലേക്ക് എൽഡിഎഫ് ചുരുങ്ങിയ സാഹചര്യം പിബി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം പാർട്ടി കാഴ്ചവെച്ച മികച്ച പ്രകടനത്തെയും യോഗം വിലയിരുത്തി.അതേസമയം, നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പിബിയിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും തോൽവിക്ക് കാരണമായ ഘടകങ്ങൾ കണ്ടെത്തുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാകും പാർട്ടിയുടെയും സർക്കാരിന്റെയും ഭാവി നടപടികളെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button