രാഹുലും വിജയിയും ഒന്നിച്ചപ്പോൾ ഇൻസ്റ്റഗ്രാമിന് എന്തുപറ്റി? പോസ്റ്റ് ബ്ലോക്ക് ചെയ്ത് മെറ്റ, അട്ടിമറിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോകളും വിഡിയോകളുമടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിജയ് രാഹുൽ ഗാന്ധിയെ ആദരിക്കുന്നതും ആശ്ലേഷിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമിൽ ഏതാനും നിമിഷനേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്. ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ വ്യാപകമായി പ്രചരിച്ചതോടെ, രാഹുലിന്‍റെയും വിജയിയുടേയും സഖ്യത്തിന് മങ്ങലേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തോടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ സുഹൃത്തും കോൺഗ്രസ് നേതാവുമായ സ്രീവസ്തയാണ് ആദ്യമായി വാദം ഉന്നയിച്ചത്. വിജയിക്കൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ പങ്കുവെച്ച ഫോട്ടോയും വീഡിയോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. മണിക്കൂറിനുള്ളിൽ 12 മില്യൺ കാഴ്ചക്കാരിലേക്കെത്തിയ റീൽസും, 46 മില്യൺ യൂസേഴ്സിലേക്കെത്തിയ ഫോട്ടോ പോസ്റ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നായിരുന്നു സ്രീവസ്തയുടെ പോസ്റ്റ്. ‘യാതൊരു മുന്നറിയിപ്പും കൂടാതെയാണ് മെറ്റ ഈ പോസ്റ്റുകൾക്ക് ബ്ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാമിന് മുൻപും പല തവണ ഇത്തരത്തിലുള്ള അന്യായങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഏതെങ്കിലും നിസാരമായ സാങ്കേതിക പ്രശനമായി കണക്കാക്കാവതല്ല’. അദ്ദേഹം എക്സിൽ കുറിച്ചു. സ്രീവസ്തയുടെ പോസ്റ്റിന് പിന്നാലെ, നിരവധി പേരാണ് പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ ഒത്തുകൂടിയത്. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പോസ്റ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന കോൺഗ്രസ് വാദം ഐടി മന്ത്രാലയം തള്ളി. ഇൻസ്റ്റഗ്രാമിന്‍റെ സാങ്കേതികമായ ചില തടസ്സങ്ങളാണ് ബ്ലോക്കിന് കാരണമായതെന്നും അൽപ്പസമയത്തിനകം തന്നെ പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്നലെ രാവിലെയാണ് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തത്. വിജയിയോടൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റെടുക്കുകയുണ്ടായി. ചടങ്ങിൽ വിജയിയോടൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. അവിടെ വെച്ച് വിജയിയോടൊപ്പം പകർത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് ഇന്നലെ അൽപ്പനേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്. തമിഴ്നാട്ടിൽ കേവലഭൂരിപക്ഷ സംഖ്യയിലേക്ക് എത്താൻ സാധിക്കാതെ വിയർത്ത വിജയിയുടെ ടിവികെയുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടിരുന്നു. കോൺഗ്രസിനെ കൂടാതെ ചെറുകിട രാഷ്ട്രീയ പാർട്ടികളെയും കൂടെ നിർത്തിയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button