അനുവാദമില്ലാതെ നാരങ്ങ പറിച്ച 14 കാരനെ വീട്ടുടമ അടിച്ചു കൊന്നു

നളന്ദ: അനുവാദമില്ലാതെ നാരങ്ങ പറിച്ചുവെന്നാരോപിച്ച് ബിഹാറിൽ 14 കാരനെ വയോധികൻ അടിച്ചു കൊലപ്പെടുത്തി. നളന്ദ ജില്ലയിലുള്ള സക്രവ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയുടെ വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് കുട്ടി നാരങ്ങ പറിച്ചതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയതെന്ന് ഗ്രാമവാസികൾ പറയുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ വയോധികൻ കുട്ടിയെ മാരകമായി മർദിക്കുകയായിരുന്നു. മർദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാർ വിവരമറിഞ്ഞ് എത്തിയ പൊലീസിന് നേരെ പ്രതിഷേധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് നേരിയ രീതിയിൽ ബലം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് നളന്ദ എസ്‌പി ഭരത് സോണി പറഞ്ഞു. നിലവിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്‌പി ഭരത് സോണി പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button