പ്ലേഓഫിലേക്ക് കുതിച്ച് ഹൈദരാബാദ്; ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം; ഇഷാൻ കിഷന് അർധ സെഞ്ച്വറി
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചു. ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നിൽക്കേ സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു. ഇഷാൻ കിഷൻ അർധ സെഞ്ച്വറിയുമായി തിളങ്ങി. ഹെൻറിച്ച് ക്ലാസനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. സൺറൈസേഴ്സിന്റെ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് സ്ഥാനമുറപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് സ്കോർ ചെയ്തത്. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഡിവാൾഡ് ബ്രെവിസാണ് ടീമിലെ ടോപ് സ്‌കോറർ. 27 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും പറത്തി 44 റൺസാണ് താരം സ്കോർ ചെയ്തത്. 39 റൺസ് നേടിയ കാർത്തിക് ശർമയും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. കാർത്തിക് ശർമ – റുതുരാജ് സഖ്യം നേടിയ 42 റൺസും ബ്രെവിസ് – ദുബെ സഖ്യം കുറിച്ച 59 റൺസ് കൂട്ടുകെട്ടുകളുമാണ് ചെന്നൈ ഇന്നിങ്സിൽ നിർണായകമായത്. മൂന്ന് വിക്കറ്റുകളുമായി സൺറൈസേഴ്‌സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിളങ്ങി.മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് 19 ഓവറിൽ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഹൈദരാബാദിന്റെ ജയം. 47 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 70 റൺസാണ് ഇഷാൻ കിഷന്റെ ബാറ്റിൽ നിന്ന് പിറന്നത്. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും സപ്പോർട്ടിങ് റോൾ ഭംഗിയായി നിർവഹിച്ചു. അഭിഷേക് ശർമ (26), ട്രാവിസ് ഹെഡ് (6), ഹെൻറിച്ച് ക്ലാസൻ (47), നിതീഷ് കുമാർ റെഡ്ഡി (11), സലിൽ അറോറ (10) എന്നിവരുടെ വിക്കറ്റുകളും ഹൈദരാബാദിന് നഷ്ടമായി. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചു.മെയ് 21 വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. ബംഗളൂരുവാണ് സൺറൈസേഴ്സിന്റെ അടുത്ത എതിരാളി.





