നൂറ്റാണ്ടിന് ശേഷം ചരിത്രനേട്ടം: വംശനാശഭീഷണി നേരിടുന്ന കാട്ടുകഴുതക്ക് സൗദിയിൽ ജനനം

റിയാദ്: വന്യജീവി സംരക്ഷണ രംഗത്ത് സമാനതകളില്ലാത്ത നേട്ടവുമായി സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും അപൂർവമായ വന്യജീവി ഇനങ്ങളിൽ ഒന്നായ ഓണഗർ (കാട്ടുകഴുത വർഗ്ഗത്തിൽപ്പെട്ട ജീവി) ഒന്നിന് നൂറിലധികം വർഷങ്ങൾക്ക് ശേഷം സൗദി മണ്ണിൽ ജനനം രേഖപ്പെടുത്തി. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലാണ് ഈ അപൂർവ നേട്ടം. അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിൽ നിന്ന് ഒരു നൂറ്റാണ്ട് മുൻപ് പൂർണമായി അപ്രത്യക്ഷമായ ഈ ജീവിവർഗത്തെ, അവയുടെ സ്വാഭാവിക വാസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരാനായി ആരംഭിച്ച പ്രത്യേക പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ കുഞ്ഞ് ജനിച്ചത്. 2025 ജൂണിൽ നടന്ന ഈ ജനനവിവരം ഒരു വർഷത്തെ വിജയകരമായ നിരീക്ഷണത്തിന് ശേഷമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇവയുടെ അതിജീവനത്തിൽ ആദ്യത്തെ 12 മാസങ്ങൾ വളരെ നിർണായകമായതിനാലാണ് ജനന വിവരം ഒരു വർഷത്തിന് ശേഷം മാത്രം പുറത്തുവിട്ടത്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എൻ 2025ൽ ഈ ജീവിവർഗത്തെ അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ലോകത്താകെ 600ൽ താഴെ ഓണഗറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 2050-ഓടെ ഇവയുടെ എണ്ണത്തിൽ 90 ശതമാനത്തോളം കുറവുണ്ടാകുമെന്ന ആശങ്ക നിലനിൽക്കെയാണ് സൗദിയിൽ നിന്നുള്ള ഈ ശുഭവാർത്ത. ഈ ശീതകാലത്ത് റിസർവിൽ രണ്ട് ഓണഗജർ കുഞ്ഞുങ്ങൾ കൂടി ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ദീർഘകാല നിലനിൽപ്പിനായി ഇവയുടെ ജനിതക വൈവിധ്യം വർധിപ്പിക്കാനും റിസർവ് അധികൃതർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജോർദാനിൽ നിന്ന് എത്തിച്ച പുതിയൊരു പെൺ ഒണാഗറിനെ നിലവിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button