പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളുരു: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ കാമുകനും സഹോദരനും അറസ്റ്റിൽ. കൊടിഹള്ളി സ്വദേശിനിയായ അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.അമൃതയും ധനുഷ് എന്ന യുവാവും പ്രണയത്തിലായിരുന്നുവെന്നും, ഇരുവരുടെയും വിവാഹം കുടുംബങ്ങൾ സമ്മതിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അമൃത ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ ഇരുവരും അകന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് ചൊവ്വാഴ്ച പകൽ അമൃത റോഡിലൂടെ നടന്നു പോകുന്നതിനിടെ ധനുഷിന്റെ സഹോദരൻ സൂര്യ കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു.ആക്രമണത്തിന് പിന്നാലെ നാട്ടുകാർ തന്നെ പ്രതിയായ സൂര്യയെ പിടികൂടി പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻ കാമുകൻ ധനുഷിനെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.പ്രണയബന്ധം തകർന്നതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button