ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം
പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത വി മുരളീധരൻ എംഎൽഎയുടെ ശൈലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലാണ് വി മുരളീധരൻ എംഎൽഎ ഡസ്കിലിട്ട് കൊടുത്ത് മിഠായി വിതരണം ചെയ്‌തത്. മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് ഇട്ടുകൊടുക്കുകയായിരുന്നു.
പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എന്നാൽ ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ മുരളീധരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. അതേസമയം സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. മുരളീധരൻ്റേത്-തരംതാണതും വിവേചനപരമായതുമായ നടപടിയാണെന്നും വിദ്യാർഥികളെ അധിക്ഷേപിക്കുകയാണെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.
മുരളീധരനെ തടയാനോ തിരുത്താനോ മന്ത്രി കെ.എ തുളസി തയാറാകത്തതിനെയും ശിവൻകുട്ടി വിമർശിച്ചു. നിശബ്‌ദമായി നോക്കി നിന്നത് ഗുരുതര വീഴ്‌ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നും വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.





