വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’; പിന്നാലെ വീട് കൊള്ളയടിച്ച് മോഷ്ടാക്കൾ

ഭോപാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമടക്കം കാണിച്ച് ഹോം ടൂർ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചതിന് പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിലെ യൂട്യൂബർ രചന ഗുർജറിൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മൊഹാനി ഗ്രാമത്തിലുള്ള ഇവരുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രചനയെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, എനർജി ഡ്രിങ്ക്സ് അടങ്ങിയ കാർട്ടൺ എന്നിവ കവർച്ചക്കാർ കവർന്നതായാണ് കുടുംബത്തിന്റെ പരാതി. പുലർച്ചെ രണ്ട് മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്ന് രചന ഗുർജർ പറഞ്ഞു. തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അവർ കവർച്ച നടത്തിയത്. തങ്ങളുടെ മുഖം റെക്കോർഡ് ചെയ്യാതിരിക്കാൻ സിസിടിവി ക്യാമറകളുടെ ആംഗിൾ ലാത്തി ഉപയോഗിച്ച് മോഷ്ടാക്കൾ മാറ്റി വെച്ചിരുന്നു. പുലർച്ചെ നാല് മണിയോടെ ഉണർന്നപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയ വിവരം കുടുംബം അറിയുന്നത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും അവർ എത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ നർവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. മുഖംമൂടി ധരിച്ച കവർച്ചക്കാരൻ ലാത്തി ഉപയോഗിച്ച് സിസിടിവി ക്യാമറയുടെ ദിശ മാറ്റുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഇതേ ഗ്രാമത്തിലുള്ളവരോ സമീപപ്രദേശങ്ങളിലുള്ളവരോ ആകാനാണ് സാധ്യതയെന്നും കുടുംബത്തിൻ്റെ നീക്കങ്ങളെക്കുറിച്ച് ഇവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ശിവ്പുരി അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് മുലെ കവർച്ച സ്ഥിരീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള രചന അടുത്തിടെ തൻ്റെ വീട്, ആഭരണങ്ങൾ, പണം, ജീവിതരീതി എന്നിവ കാണിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയിൽ വീടിൻ്റെ മുൻവാതിൽ മുതൽ മുറികൾ വരെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു. മറ്റൊന്നിൽ വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മേശപ്പുറത്ത് വെച്ച് ചിത്രീകരിച്ചിട്ടുമുണ്ട്. ഈ വീഡിയോകൾ കണ്ട് വീടിൻ്റെ ഘടനയും സുരക്ഷാസംവിധാനങ്ങളും മനസ്സിലാക്കിയാകാം മോഷ്ടാക്കൾ കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button