എച്ച്.ഡി ദേവഗൗഡക്ക് രാജ്യസഭാ സീറ്റ് ഇല്ല; ഇനി മുൻ പ്രധാനമന്ത്രിമാർ ഇല്ലാത്ത പാർലമെന്റ്
ബെംഗളൂരു: ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡക്ക് രാജ്യസഭാ സീറ്റ് നൽകാതെ ബിജെപി. ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗത്തിൽപ്പെട്ട നേതാവായ പ്രൊഫ. എം.നാഗരാജയെ ആണ് ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്. ദേവഗൗഡയുടെ ആറ് പതിറ്റാണ്ട് നീണ്ട പാർലമെന്ററി ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരാരും ഇതോടെ പാർലമെന്റിൽ അംഗമല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്.കർണാടക മുൻ മുഖ്യമന്ത്രിയും ആറ് തവണ ലോക്‌സഭാ എംപിയും രണ്ട് തവണ രാജ്യസഭാ എംപിയും ഏഴ് തവണ എംഎൽഎയും ആയിരുന്നു ദേവഗൗഡ. ഈ മാസം 25ന് ദേവഗൗഡ ഉൾപ്പെടെ കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കും. ഈ സീറ്റുകളിൽ ഒന്നിൽ വിജയിക്കാനുള്ള അംഗബലം മാത്രമേ നിലവിൽ ബിജെപിക്കുള്ളൂ.അതേസമയം 223 അംഗ നിയമസഭയിൽ രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 138 പേരുടെ പിന്തുണയുള്ള കോൺഗ്രസിന് മൂന്നുപേരെ രാജ്യസഭയിലേക്ക് അയയ്ക്കാം. (ആസൂത്രണ മന്ത്രിയായിരുന്ന ഡി.സുധാകർ മരിച്ചതിനെ തുടർന്ന് ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്) 45 പ്രഥമ പരിഗണനാ വോട്ടുകളാണ് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ടത്. ബിജെപിക്ക് – 66, ദളിന്- 19 എന്നിങ്ങനെയാണു നിയമസഭയിലെ അംഗബലം.കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായപ്പോൾ പഴയ മൈസൂരു മേഖലയിലെ വൊക്കലിഗരുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ബിജെപി ഇതേ സമുദായത്തിലെ അതികായനായ ദേവഗൗഡയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുമക്കൂരുവിൽ നിന്നു പരാജയപ്പെട്ട ദേവഗൗഡ കോൺഗ്രസ് പിന്തുണയോടെയാണു 2020ൽ രാജ്യസഭയിലെത്തിയത്. കോൺഗ്രസിന് വൻഭൂരിപക്ഷം ലഭിച്ച 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ദൾ- ബിജെപി സഖ്യമുണ്ടായത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെടെ ദളിനു ലോക്‌സഭയിൽ രണ്ട് എംപിമാരാണുള്ളത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, എഐസിസി മാധ്യമ വിഭാഗം മേധാവി പവൻ ഖേഡ എന്നിവരാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥികൾ. ദേവഗൗഡയുടെ മരുമകൻ ഡോ.സി.എൻ മഞ്ജുനാഥ് ബിജെപി എംപിയാണ്.





