ബിരിയാണിയിൽ ചത്ത ഈച്ച; അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് സൗജന്യ ഹൈദരാബാദി ബിരിയാണിയും 10,000 രൂപ പിഴയും വിധിച്ച് കോടതി
ന്യൂഡൽഹി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവിലേക്ക് 3,000 രൂപയും നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. കൂടാതെ പരാതിക്കാരന് അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും കോടതി നിർദേശം. മലിനമായ ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ പോരായ്മയായി കണക്കാക്കാമെന്ന് എസ്. മുത്തുവേൽ, എ.എസ് സുവിത, ജി. അറുമുഖം എന്നിവരടങ്ങിയ കമ്മീഷൻ വ്യക്തമാക്കി. പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ എന്ന റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. 2025 ഡിസംബർ 08ന് പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്ത് മുഹമ്മദ് നിയാസുദീനും ബിരിയാണി കഴിക്കാൻ പോയപ്പോഴാണ് ഭക്ഷണത്തിൽ ചത്ത പ്രാണിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പകർത്തി. ഇതേത്തുടർന്ന് സുന്ദരകുമാര മണികണ്ഠൻ റെസ്റ്റോറന്റിനെതിരെ പരാതി നൽകുകയായിരുന്നു. മലിനമായ ഭക്ഷണം തനിക്ക് മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള വിശ്വാസനഷ്ടവും ഉണ്ടാക്കിയതായി പരാതിക്കാരൻ ആരോപിച്ചു. ആരോഗ്യപരമായ അപകടസാധ്യത, അനാസ്ഥ, മാനസിക വിഷമം, അഭിഭാഷകന്റെ ഫീസ് എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളിലായി 1,30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരവും തെറ്റ് തിരുത്തികൊണ്ടുള്ള നടപടികളും ആവശ്യപ്പെട്ട് സുന്ദരകുമാര പിന്നീട് റെസ്റ്റോറന്റിന് നിയമപരമായ നോട്ടീസ് അയച്ചു. എന്നാൽ മറുപടി തൃപ്തനാകാത്തതിനെ തുടർന്ന്, സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. നോട്ടീസ് ലഭിച്ചിട്ടും റെസ്റ്റോറന്റ് അധികൃതർ ഫോറത്തിന് മുന്നിൽ ഹാജരാകാനോ നടപടികളെ എതിർക്കാനോ തയാറായില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതിന്റെ ഫലമായി റെസ്റ്റോറന്റിനെതിരെ ഏകപക്ഷീയമായി (ex parte) കേസ് നടപടികളുമായി മുന്നോട്ട് പോകാൻ കമ്മീഷൻ തീരുമാനിച്ചു. തെളിവുകൾ പരിശോധിക്കുന്നതിനിടയിൽ, ചിത്രങ്ങളിലുള്ള തെളിവുകൾക്ക് വ്യക്തത കുറവാണെങ്കിലും വീഡിയോ റെക്കോർഡിംഗ് ചത്ത പ്രാണിയുടെ സാന്നിധ്യം തെളിയിക്കുന്നതായി കമ്മീഷൻ വിലയിരുത്തി. “ചിത്രങ്ങളിലെ തെളിവുകൾക്ക് വ്യക്തത കുറവാണെങ്കിലും, വീഡിയോ റെക്കോർഡിംഗിൽ ചത്ത പ്രാണിയുടെ സാന്നിധ്യം വ്യക്തമായി കാണാം. ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ അത് ചത്ത ഒരു ഈച്ചയാണെന്ന് മനസ്സിലാകുന്നു,” കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരൻ നൽകിയ ഗൂഗിൾ റിവ്യൂവിന് റെസ്റ്റോറന്റ് നൽകിയ മറുപടിയും കമ്മീഷൻ കണക്കിലെടുത്തു. അതിൽ റെസ്റ്റോറന്റ് അധികൃതർ സംഭവം നടന്നതായി സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണെന്ന് വിശദീകരിക്കുകയും തിരുത്തൽ നടപടികൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു. തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കാണിച്ചുള്ള അവരുടെ തന്നെ നിയമപരമായ മറുപടിക്ക് വിരുദ്ധമായിരുന്നു ഈ നിലപാട്. “മറുപടി നോട്ടീസിൽ സംഭവം നിഷേധിക്കുകയും, എന്നാൽ പൊതുവേദിയിൽ അത് സമ്മതിച്ച് ക്ഷമാപണം നടത്തുകയും ചെയ്തതിലൂടെ എതിർകക്ഷി സ്വീകരിച്ച പരസ്പരവിരുദ്ധമായ നിലപാട് അവരുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന് വ്യക്തമാകുന്നു,” കമ്മീഷൻ കൂട്ടിച്ചേർത്തു.





