മാന്ത്രിക സംഖ്യ തൊട്ട് ടി.വി.കെ; തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാറിന് വഴിയൊരുങ്ങുന്നു

ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കണക്കിലെ കളികൾക്കുമൊടുവിൽ തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടുന്നു. സൂപ്പർ താരം വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാർ രൂപവത്കരിക്കാൻ ഒരുങ്ങുകയാണ്. നിർണായക വേളയിൽ നിരുപാധിക പിന്തുണയുമായി വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) എത്തിയതോടെയാണ് വിജയിയുടെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യയിൽ ടി.വി.കെ സഖ്യം എത്തിച്ചേർന്നു. നിലവിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെയും നാല് ഇടത് പ്രതിനിധികളുടെയും പിന്തുണ വിജയിക്കുണ്ട്. ഏറ്റവും ഒടുവിലായി വി.സി.കെയുടെ രണ്ട് അംഗങ്ങൾ കൂടി പിന്തുണ അറിയിച്ചതോടെ സഖ്യത്തിന്റെ ആകെ ബലം 118 ആയി ഉയർന്നു. മൂന്ന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ കൂടി വിജയ് ക്യാമ്പിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. നേരത്തെ, വ്യക്തമായ പിന്തുണക്കത്തുകൾ ഹാജരാക്കാത്തതിനാൽ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഗവർണർ ആർ.വി. അർലേക്കർ തള്ളിയിരുന്നു. എന്നാൽ വി.സി.കെ കൂടി എത്തിയതോടെ ഉടൻ തന്നെ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. 62 വർഷക്കാലമായി തമിഴ് മണ്ണ് അടക്കിവാണിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമാകാൻ പോകുന്നത്. തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. ഭരണകക്ഷിയായിരുന്ന ഡി.എം.കെ 59 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലേക്കും ചുരുങ്ങി. സഖ്യസർക്കാറിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസുമായി ചർച്ചകൾ തുടരുകയാണ്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ ഇടത് പാർട്ടികൾ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വി.സി.കെയുടെ പിന്തുണ കൂടി ലഭിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് എന്ന ‘ദളപതി’യുടെ അധികാരാരോഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button