റീചാർജ് ചെയ്യുന്നവർക്ക് വൻ സർപ്രൈസ്! 30,000 രൂപയിലധികം ആനുകൂല്യങ്ങളുമായി എയർടെൽ
മൊബൈൽ റീചാർജിനും ബ്രോഡ്ബാൻഡിനും ഉപഭോക്താവിന് ഇനിമുതൽ കൂടുതൽ നേട്ടങ്ങൾ. 30,000 രൂപയിലധികം മൂല്യമുള്ള ആനുകൂല്യങ്ങളുമായി എയർടെൽ. മൊബൈൽ, എയർടെൽ ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ‘എയർടെൽ ഇൻസൈഡർ’ പദ്ധതിയിലൂടെയാണ് ആകർഷകമായ ഓഫറുകൾ തേടിയെത്തുക. ഷോപ്പിങ്, എന്റർടൈൻമെന്റ്, വിദ്യാഭ്യാസം, ഹെൽത്ത് തുടങ്ങി വിവിധ മേഖലകളിലായാണ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുക. എയർടെൽ താങ്ക്സ് ആപ്പ് വഴി ഈ ഓഫറുകൾ സ്വന്തമാക്കാമെന്നാണ് റിപ്പോർട്ടുകൾ.ഒരു വർഷത്തെ ഡ്യുവോലിംഗോ സൂപ്പർ സബ്സ്ക്രിപ്ഷനാണ് പുതിയ ഓഫറുകളിൽ വെച്ചേറ്റവും ശ്രദ്ധേയം. 3,120 രൂപ മൂല്യമുള്ള ഈ സബ്സ്ക്രിപ്ഷനിലൂടെ ഭാഷാപഠന പ്ലാറ്റ്ഫോമിന്റെ പ്രീമിയം ഫീച്ചറുകളും ഉപയോഗിക്കാം.ഏറെക്കാലമായി ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും സന്തോഷവാർത്തയുണ്ട്. തെരഞ്ഞെടുത്ത ഐഫോൺ 15, ഐഫോൺ 16, ഐഫോൺ 17 മോഡലുകൾക്ക് ക്രോമ, ആപ്പിൾ എന്നിവയുമായി സഹകരിച്ച് 23,000 രൂപ വരെ ഇളവാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. അർഹമായ മോഡലുകൾക്കും നിബന്ധനകൾക്കും വിധേയമായാണ് ഈ ആനുകൂല്യം. വിനോദപ്രേമികൾക്കായി മൂന്ന് മാസത്തെ പോക്കറ്റ് എഫ്എം പ്രീമിയം സബ്സ്ക്രിപ്ഷനും പദ്ധതിയിലുണ്ട്. സിനിമ കാണാൻ ഇഷ്ടമുള്ളവർക്ക് സിനിപോളിസിന്റെ ബൈ ടു ഗെറ്റ് വൺ ഫ്രീ ടിക്കറ്റ് ഓഫറും പ്രയോജനപ്പെടുത്താം. പരമാവധി 150 രൂപയാണ് അധികടിക്കറ്റിന്റെ ആനുകൂല്യം. ഇത് കൂടാതെ, 1,500 രൂപയോ അതിലധികമോ വിലവരുന്ന ഫുഡ് ഓർഡറുകൾക്ക് 300 രൂപ ഇളവും ലഭിക്കും. ആരോഗ്യപരിരക്ഷയുടെ ഭാഗമായി അപ്പോളോ 24/7 വഴി ആറ് മാസത്തെ അപ്പോളോ സർക്കിൾ മെമ്പർഷിപ്പും ലഭിക്കും. അതേസമയം, എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ.ഓഫർ എങ്ങനെ സ്വന്തമാക്കാം? അർഹരായ എയർടെൽ മൊബൈൽ, എയർടെൽ ഹോം ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് തുറന്ന് ‘എയർടെൽ ഇൻസൈഡർ’ വിഭാഗത്തിലെ ഓഫറുകൾ പരിശോധിക്കാം. ഇഷ്ടമുള്ള ഓഫർ തിരഞ്ഞെടുത്ത് അതത് നിർദേശങ്ങൾ പാലിച്ചാൽ ആനുകൂല്യം സ്വന്തമാക്കാം. ഓരോ ഓഫറിനും പ്രത്യേക യോഗ്യതാ നിബന്ധനകൾ ഉണ്ടായേക്കാം. ലിങ്ക്ഡ്ഇൻ പ്രീമിയം, ഈസിഡൈനർ, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ ബ്രാൻഡുകളുമായും നേരത്തെ എയർടെൽ സഹകരിച്ചിരുന്നു. കൂടുതൽ ബ്രാൻഡുകളെ ഉൾപ്പെടുത്തി ഇൻസൈഡർ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം.





