ആംബുലൻസിൽ രോഗി കാത്തുകിടന്നു, ആശുപത്രിയിൽ നിന്ന് ആരുമെത്തിയില്ലെന്ന് പരാതി; പാലക്കാട്ട് 42കാരൻ മരിച്ചു
പാലക്കാട്: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിൽ എത്തിച്ച രോഗി മരിച്ച സംഭവത്തില്‍ അനാസ്ഥയെന്ന് ആക്ഷേപം. കണ്ണാടി ഞായറാഴ്ചക്കാവ് പടിഞ്ഞാറെ വീട്ടില്‍ സാംബശിവനാണ് (42) ബുധനാഴ്ച രാവിലെ മരിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 6.45ഓടെ കണ്ണാടി പഞ്ചായത്തിന്റെ ആംബുലന്‍സിലാണ് യുവാവിനെ ജില്ല ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍, ആംബുലന്‍സില്‍ നിന്ന് രോഗിയെ ഇറക്കാന്‍ ആരും ഉണ്ടായില്ലെന്നും അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്തുനിന്നിട്ടും സുരക്ഷ ജീവനക്കാരോ ആശുപത്രി ജീവനക്കാരോ എത്തിയില്ലെന്നുമാണ് ആക്ഷേപം. ആരോഗ്യ പ്രശ്നങ്ങളുള്ള സഹോദരിമാരാണ് സാംബശിവനൊപ്പം ഉണ്ടായിരുന്നത്.അൽപ സമയത്തിന് ശേഷം നഴ്സുമാരെത്തിയാണ് രോഗിയെ ഡോക്ടറുടെ അടുത്തെത്തിച്ചത്. എന്നാല്‍, ഒ.പി ടിക്കറ്റ് കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സക്കുള്ള കുറിപ്പ് നല്‍കാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതിനിടെ സാംബശിവന് മരണപ്പെടുകയും ചെയ്തു. അതേസമയം, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ സാംബശിവൻ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഡി.എം.ഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂലിപ്പണിക്കാരാനായ സാംബശിവന്റെ വരുമാനം കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങളുള്ള രണ്ട് സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള കുടുംബം കഴിഞ്ഞിരുന്നത്. രോഗിയുമായി ആംബുലന്‍സ് കാത്തുകിടക്കേണ്ടി വന്നതിനെ കുറിച്ച് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ല സെക്രട്ടറി ഉദയന്‍ സുകുമാരന്‍ ആവശ്യപ്പെട്ടു. രോഗിയെ ഇറക്കാന്‍ ആളില്ലെന്ന് പറഞ്ഞ് ആംബുലന്‍സ് ഡ്രൈവറാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ആശുപത്രിയിലെ വീഴ്ചക്കെതിരെ പൊലീസ്, ഡി.എം.ഒ, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും കൂട്ടിച്ചേർത്തു.സാംബശിവന്റെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിച്ചു. പരേതരായ ശിവശങ്കരന് എഴുത്തച്ഛന്റെയും ദേവിയുടെയും മകനാണ് സാംബശിവന്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സതീദേവി, ശ്യാമള, ശിവകൃഷ്ണന്‍.





