ഖത്തറിലേക്ക് മരുന്നുമായി യാത്ര ചെയ്യുകയാണോ? 140 നിയന്ത്രിത മരുന്നുകൾക്ക് ഇപെർമിറ്റ് സംവിധാനം; ഖത്തറിൽനിന്ന്പുറപ്പെടുന്നവർക്കും നിയമം ബാധകം
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കും ഖത്തറിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്കും നിയന്ത്രിത മരുന്നുകൾ വ്യക്തിഗത ആവശ്യത്തിനായി കൊണ്ടുപോകുന്നതിന് പുതിയ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിബന്ധനകളോടെ കൊണ്ടുപോകാൻ അനുമതിയുള്ള 140 നിയന്ത്രിത മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
പുതിയ മാർഗനിർദേശത്തിൽ 61 നാർക്കോട്ടിക് മരുന്നുകളും 79 സൈക്കോട്രോപിക് മരുന്നുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഖത്തറിൽ എത്തുന്നതിന് മുമ്പോ ഖത്തറിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പോ മരുന്നുകൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിക്കായി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ സ്റ്റാറ്റസും ഓൺലൈനായി പരിശോധിക്കാനും അനുമതിപത്രം ഇലക്ട്രോണിക് ആയി ലഭ്യമാക്കാനും സാധിക്കും.
മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് അനുമതി നേടിയിട്ടില്ലാത്തവർ ഖത്തറിലെ പ്രവേശന കവാടങ്ങളിൽ നാർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകൾ നിർബന്ധമായും പ്രഖ്യാപിക്കണം. സാധുവായ ഡോക്ടറുടെ കുറിപ്പടിയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. ആവശ്യപ്പെട്ടാൽ ഇവയുടെ ഒറിജിനൽ രേഖകളും കാണിക്കേണ്ടിവരും.
വ്യക്തിഗത ആവശ്യത്തിനുള്ള മരുന്നുകൾക്ക് അനുമതി ലഭിക്കുന്നതിനായി ഇംഗ്ലീഷിലോ അറബിയിലോ തയ്യാറാക്കിയ കുറിപ്പടിയും മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. രോഗിയുടെ പൂർണ പേര്, രോഗനിർണയം, മരുന്നിന്റെ പേര്, ഡോസ്, ചികിത്സാ കാലയളവ്, രേഖ നൽകിയ തീയതി എന്നിവയ്ക്കൊപ്പം ചികിത്സിക്കുന്ന
ഡോക്ടറുടെ പേര്, ഒപ്പ്, സീൽ എന്നിവയും രേഖകളിൽ ഉണ്ടായിരിക്കണം.





