ഫ്രാൻസിനെ എതിരില്ലാത്ത 2 ഗോളിന് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: കാൽപ്പന്തുകളിയുടെ ലോകസിംഹാസനം തിരിച്ചുപിടിക്കാൻ സ്പാനിഷ് പട വീണ്ടും ഫൈനലിലേക്ക്! അമേരിക്കയിലെ ഡാളസ് എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ 2026 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഫൈനലിലേക്ക് മുന്നേറുന്നത്. സ്പാനിഷ് തന്ത്രങ്ങൾക്ക് മുന്നിൽ ശ്വാസംമുട്ടിയ കിലിയൻ എംബാപ്പെക്കും സംഘത്തിനും ഡാളസിൽ നിന്നും കണ്ണീരോടെ മടക്കം.ആദ്യ മിനിറ്റുകൾ മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട സ്പെയിനിന് 22-ാം മിനിറ്റിൽ തന്നെ പ്രതിഫലം ലഭിച്ചു. ഫ്രഞ്ച് പ്രതിരോധ താരം ലൂക്കാസ് ഡിഗ്നെയുടെ ഫൗളിൽ നിന്ന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത മൈക്കൽ ഒയർസബാലിന് തെറ്റിയില്ല. ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന് യാതൊരു അവസരവും നൽകാതെ ഒയർസബാൽ പന്ത് വലയിലെത്തിച്ചു. ഈ ലോകകപ്പിലെ താരത്തിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.കളിയിലേക്ക് തിരിച്ചുവരാൻ ഫ്രാൻസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും 29-ാം മിനിറ്റിൽ അവരുടെ കരുത്തനായ ഡിഫൻഡർ വില്യം സലിബ പരിക്കേറ്റ് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയായി. സലിബയ്ക്ക് പകരം മാക്സെൻസ് ലാക്രൂയിക്സാണ് കളത്തിലിറങ്ങിയത്. 37-ാം മിനിറ്റിൽ മികച്ചൊരു ടീം ഗെയിമിലൂടെ ഫാബിയൻ റൂയിസ് നടത്തിയ മുന്നേറ്റം ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 41-ാം മിനിറ്റിൽ എംബാപ്പെയിലേക്ക് വന്ന ഒരു അപകടകരമായ പന്ത് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ ഓടിക്കയറി സാഹസികമായി അടിച്ചകറ്റിയതോടെ ഫ്രാൻസിന്റെ സമനില മോഹങ്ങൾക്ക് ആദ്യ പകുതിയിൽ തന്നെ മങ്ങലേറ്റു.രണ്ടാം പകുതിയിൽ ഫ്രാൻസ് തന്ത്രങ്ങൾ മാറ്റിപ്പയറ്റി. റാബിയോട്ടിന് പകരം മനു കൊനെയെയും, ബാർകോളയ്ക്ക് പകരം ഡെസിറെ ഡ്യൂവിനെയും ഫ്രാൻസ് കളത്തിലിറക്കി. എന്നാൽ 58-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ മനോഹരമായ ഒരു ബാക്ക് ഹീൽ പാസ് പിടിച്ചെടുത്ത് മുന്നേറിയ പെഡ്രോ പോറോ തൊടുത്തുവിട്ട കിടിലൻ ഷോട്ട് ഫ്രഞ്ച് വല കുലുക്കി. സ്കോർ 2-0! ഇതിന് പിന്നാലെ 60-ാം മിനിറ്റിൽ ലാമിൻ യമാൽ വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് വിളിച്ചത് ഫ്രാൻസിന് നേരിയ ആശ്വാസമായി.തിരിച്ചടിക്കാനുള്ള കടുത്ത സമ്മർദ്ദത്തിൽ ഫ്രഞ്ച് നിര അക്ഷമരാകുന്നത് അവസാന മിനിറ്റുകളിൽ കണ്ടു. 85-ാം മിനിറ്റിൽ പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സ്പാനിഷ് ഗോളി ഉനായ് സിമോണിനെ ഫൗൾ ചെയ്തതിന് എംബാപ്പെക്ക് റഫറി മഞ്ഞക്കാർഡ് നൽകി. 87-ാം മിനിറ്റിൽ യമാലിന്റെ ഫൗളിൽ നിന്ന് പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്നും എംബാപ്പെ എടുത്ത ഫ്രീകിക്ക് ടാർഗറ്റിൽ എത്താതെ പുറത്തേക്ക് പോയതോടെ ഫ്രാൻസിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.അവസാന മിനിറ്റുകളിൽ ഫെറൻ ടോറസ്, നിക്കോ വില്യംസ്, പെഡ്രി, മികെൽ മെറീനോ, മാർക്കോസ് യോറെന്റെ എന്നിവരെ കളത്തിലിറക്കി സ്പെയിൻ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ചു. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, 16 വർഷങ്ങൾക്ക് ശേഷം ഒരു ലോകകപ്പ് ഫൈനൽ കളിക്കാനുള്ള യോഗ്യതയുമായാണ് സ്പാനിഷ് അർമാഡ മൈതാനം വിട്ടത്. ഫൈനലിൽ അർജന്റീന–ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും സ്പെയിൻ നേരിടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button