വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

പ്രയാഗ്‌രാജ്: വരൻ കഷണ്ടിയാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപമുള്ള ഹണ്ഡിയയിലാണ് സംഭവം. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വധു വിവാഹം കഴിക്കില്ലെന്ന നിലപാടെടുത്തത്.ജൗൻപൂർ ജില്ലയിൽ നിന്നെത്തിയ വരന്റെ സംഘത്തെ ശനിയാഴ്ച രാത്രി വധുവിന്റെ വീട്ടുകാർ സ്വീകരിച്ചു. ദ്വാർചാർ ഉൾപ്പെടെയുള്ള ആചാരങ്ങൾ പൂർത്തിയായ ശേഷം ജയമാല ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വരൻ കഷണ്ടിയാണെന്ന കാര്യം വധു അറിയുന്നത്. തുടർന്ന് വിവാഹം കഴിക്കില്ലെന്ന് വധു അറിയിച്ചതോടെ ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി.സ്ഥിതി വഷളായതോടെ വധുവിന്റെ കുടുംബം പോലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും ഹണ്ഡിയ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മണിക്കൂറുകളോളം  ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താനായില്ല.ബന്ധുക്കളും നാട്ടുകാരും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാൻ തയ്യാറായില്ല. ഒടുവിൽ പരസ്പര ധാരണയോടെ വിവാഹം ഒഴിവാക്കാൻ ഇരുകുടുംബങ്ങളും തീരുമാനിച്ചതോടെ വരന്റെ സംഘം മടങ്ങി.വരൻ കഷണ്ടിയാണെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് ഹണ്ഡിയ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് സരോജ് അറിയിച്ചു. ഇരുകുടുംബങ്ങളും പരസ്പര സമ്മതത്തോടെയാണ് ചടങ്ഹ് അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഉത്തർപ്രദേശിലെ മൗഐമ, ബഹ്റിയ മേഖലകളിലും സമാന സാഹചര്യത്തിൽ വിവാഹം മുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button