കണക്കുകളുടെ മറവിൽ ഒളിക്കാനാകില്ല’; യമുനാ മലിനീകരണത്തിൽ വീഴ്ച വരുത്തിയാൽ സംസ്ഥാനങ്ങൾക്ക് പിഴയെന്ന് സുപ്രീംകോടതി
‘
ന്യൂഡൽഹി: യമുനാ നദിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നദീതട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിഴ ചുമത്തുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. നദിയിലെ ജലത്തിന്റെ ഗുണനിലവാരം ഓരോ സംസ്ഥാനത്തും പ്രവേശിക്കുന്നതും പുറത്തേക്ക് ഒഴുകുന്നതുമായ ഭാഗങ്ങളിൽ പരിശോധിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സി.പി.സി.ബി) കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ മനോജ് മിശ്ര, മന്മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. യമുന ശുചീകരണത്തിനായി വലിയ തുക ചെലവഴിച്ചിട്ടും മലിനീകരണത്തിന്റെ തോത് വർധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. നദീതീരങ്ങളിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തദ്ദേശഭരണ സംവിധാനങ്ങളുടെ പരാജയമാണ് നദിയുടെ മോശം അവസ്ഥയിൽ പ്രതിഫലിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നദിയിലേക്ക് മലിനജലം ഒഴുക്കുന്ന 520 ഓടകളുടെ കാര്യത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി. മലിനീകരണത്തിന്റെ യഥാർഥ അവസ്ഥ മറച്ചുവെക്കാൻ ഇനി സംസ്ഥാനങ്ങൾക്ക് കണക്കുകളുടെ മറവിൽ കഴിയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡിന് നേരിട്ട് പരിശോധന നടത്തി മലിനീകരണത്തിന്റെ തോത് കണ്ടെത്തുമെന്നും കോടതി വ്യക്തമാക്കി. വ്യാവസായിക മാലിന്യങ്ങളും സംസ്കരിക്കാത്ത മലിനജലവും ഉറവിടത്തിൽവെച്ചുതന്നെ തടയണം. കൂടുതൽ മലിനജല സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്നതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ സോൺ ‘ഒ’യിലുള്ള 35 ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും കൈയേറ്റമില്ലെന്നാണ് യമുന ആക്ഷൻ പ്ലാനിൽ പറയുന്നത്. എന്നാൽ ഡൽഹി സർക്കാരിന്റെ രേഖകളിൽ ഇവയെല്ലാം കൈയേറ്റത്തിന് വിധേയമായതായി വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള 37 മലിനജല സംസ്കരണ പ്ലാന്റുകളിൽ ഒന്നുപോലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സോൺ ‘ഒ’ ഹരിതമേഖലയായി സംരക്ഷിക്കണം. നിയമവിരുദ്ധ നിർമാണങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം അർഹരായ താമസക്കാരെ പുനരധിവസിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മലിനജലം, ഖരമാലിന്യം, വ്യാവസായിക മാലിന്യം എന്നിവ സംസ്കരിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഉദ്യോഗസ്ഥർക്ക് മുൻകൂർ അറിയിപ്പില്ലാതെ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും അനുമതി നൽകണം. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർക്കും പരിശോധനയിൽ പങ്കെടുക്കാം. ആവശ്യമായ എല്ലാ വിവരങ്ങളും കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. യമുനാ നദീതട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ രണ്ടാഴ്ചക്കുള്ളിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസർമാരെ നിയമിക്കണം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതും ഇവരുടെ ചുമതലയായിരിക്കും. അതിനിടെ, ഛഠ് പൂജക്കിടെ യമുനയിലെ മലിനീകരണം വീണ്ടും വലിയ ചർച്ചയായിരുന്നു. ചടങ്ങിന്റെ ഭാഗമായി നദിയിലിറങ്ങിയ ഭക്തർക്ക് നേരിടേണ്ടിവന്നത് വിഷപ്പത നിറഞ്ഞ മലിനജലമായിരുന്നു. സംസ്കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യങ്ങളും ഡിറ്റർജന്റുകളുമാണ് നദിയിൽ കട്ടിയുള്ള പത രൂപപ്പെടാൻ കാരണമായത്. അമോണിയ, ഘനലോഹങ്ങൾ, രോഗാണുക്കൾ എന്നിവയുടെ സാന്നിധ്യം ആരോഗ്യഭീഷണിയും ഉയർത്തുന്നുണ്ട്.





