ഉജ്ജ്വല യോജനയിലും കേന്ദ്രസര്‍ക്കാറിന്റെ കടുംവെട്ട്; സൗജന്യ സിലിണ്ടറിന്റെ എണ്ണം കുറച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലും സര്‍ക്കാറിന്റെ കടുംവെട്ട്. പദ്ധതിപ്രകാരം ലഭിക്കുന്ന സൗജന്യ സിലിണ്ടറുകളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രതിവര്‍ഷം നാല് സിലിണ്ടറാക്കിയാണ്എണ്ണം വെട്ടിക്കുറച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.മുമ്പ് പദ്ധതിപ്രകാരം ഒമ്പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നു. ഡൊമസ്റ്റിക് എല്‍പിജി സിലിണ്ടറിന്റെ വില 1600 രൂപയായി വര്‍ധിച്ച സാഹചര്യത്തിലാണ് സിലിണ്ടുറുകളുടെ എണ്ണം കുറച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിലിണ്ടറൊന്നിന് എണ്ണകമ്പനികള്‍ 600 രൂപ വരെ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഉജ്ജ്വല ഉപഭോക്താക്കള്‍ക്ക് 300 രൂപയാണ് സബ്‌സിഡിയായി നല്‍കിയിരുന്നത്. ഇനി ഇത് ആദ്യത്തെ നാല് സിലിണ്ടറുകള്‍ക്ക് മാത്രമേ കിട്ടുവെന്ന് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ പ്രവീണ്‍ ഖനൂജ പറഞ്ഞു. കഴിഞ്ഞ ദിവസവും എല്‍പിജി സിലിണ്ടറിന് എണ്ണകമ്പനികള്‍ 29 രൂപ വര്‍ധിപ്പിച്ചിരുന്നു.അതേസമയം, ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുകയാണ്. മിഡില്‍ ഈസ്റ്റിലെ പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് എണ്ണവില ഉയരുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയില്‍ വില 100 ഡോളറിലേക്ക് അടുക്കുകയാണ്. 97.27 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.49 ശതമാനം നേട്ടത്തിലാണ് ബ്രെന്റ് ക്രൂഡോയില്‍ വ്യാപാരം നടത്തുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയരുകയാണ്. 4.03 ശതമാനം നേട്ടത്തോടെ 94.57 ഡോളറിലാണ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button