ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്ത് കേസെടുത്തു
കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന 17കാരനായ പ്രതിയുടെ പിതാവ് അഡിഷണൽ ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതിചേർത്തു. വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്. തുടർ നടപടികൾക്കും സാധ്യതയുണ്ട്.കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങൾ ഉയരുന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം, 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്.അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അടിയന്തര വിശദീകരണം തേടി. ഇന്ന് തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. 17കാരന്റെ ജാമ്യം റദ്ദാക്കുമെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കാളി മഹേഷ് കുമാറും അറിയിച്ചു.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം, പിതാവിന് ജഡ്ജിയായി തുടരാൻ അർഹതയില്ലെന്ന് റിട്ടയർഡ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ജഡ്ജിക്കെതിരെ ആദ്യഘട്ടത്തിൽ കേസെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും കേസെടുക്കാൻ അനുമതി വേണ്ടെന്നും കെമാൽ പാഷ പറഞ്ഞു.





