കെ.എം.സി.സി കവർച്ച കേസ്; റിമാൻഡിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊയിലാണ്ടി: കെ.എം.സി.സി കവർച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി നെല്ലാടി പരപ്പിൽ ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ പ്രശാന്താണ് കേസ് അന്വേഷിക്കുന്നത്.
ഒക്ടോബർ 24നാണ് പോലീസ് ബാലകൃഷ്ണനെ കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ബാലകൃഷ്ണനെ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.45ന് ഇതുപ്രകാരം ബാലകൃഷ്ണനെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
2025 സെപ്റ്റംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അൽ തുമാമ എന്ന സ്ഥലത്തെ കെ.എം.സി.സിയുടെ ഓഫീസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. 31 ലക്ഷം റിയാൽ അതായത് എട്ട് കോടി ആറ് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് കവർച്ച ചെയ്തത്.
കേസിൽ ആറ് പ്രതികളാണുള്ളത്. ഇതിൽ ബാലകൃഷ്ണൻ കീഴടങ്ങിയതോടെയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ചയായത്. ഖത്തറിൽ ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി കെ.എം.സി.സി ഓഫീസിലെ മോഷണത്തിൽ സഹായിയായി ഉപയോഗിച്ചതാണെന്നാണ് ബാലകൃഷ്ണൻ പറഞ്ഞത്.
കേസിൽ ഇനി അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ട്. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.





