വൻ പടയൊരുക്കം, യുഎസിൻ്റെ മൂന്നാമത്തെ യുദ്ധക്കപ്പലും പശ്ചിമേഷ്യയില്‍; ആക്രമണം കാത്തിരിക്കില്ല, തിരിച്ചടിക്കാന്‍ സജ്ജമെന്ന് ഇറാന്
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി യുഎസിന്റെ വന്‍ പടയൊരുക്കം. യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയില്‍ നങ്കൂരമിട്ടു. യുഎസ്എസ് തിയോഡോര്‍ റൂസ്വെൽറ്റാണ് മേഖലയില്‍ പുതിയതായി എത്തിയിരിക്കുന്നത്. നവംബര്‍ എട്ടിന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മലാക്ക കടലിടുക്ക് വഴിയാണ് പശ്ചിമേഷ്യയിലെത്തിയത്. യുഎസ്എസ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യുഎസ്എസ് ജോര്‍ജ്ജ് എച്ച്ഡബ്ല്യു ബുഷ് എന്നീ കപ്പലുകളെ നേരത്തെ തന്നെ മേഖലയില്‍ വിന്യസിച്ചിരുന്നു.നിരവധിയായ യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്. മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ ഒരേസമയം മേഖലയിലെത്തിയത് ഒരിടവേളക്ക് ശേഷം യുഎസ് ആക്രമണം ശക്തമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇറാന് യുദ്ധം രൂക്ഷമായ സമയത്തും സമാനമായ രീതിയിലുള്ള വിന്യാസമുണ്ടായിരുന്നു. മുമ്പ് 2003ല്‍ ഇറാഖ് യുദ്ധത്തിന്റെ സമയത്താണ് മൂന്ന് കപ്പലുകളെ യുഎസ് പശ്ചിമേഷ്യയില്‍ വിന്യസിച്ചിരുന്നത്. 90ഓളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ തിയോഡോര്‍ റൂസ്വെൽറ്റിന് സാധിക്കും. ആണവ ഇന്ധനം ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവര്‍ത്തനം. കപ്പലിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ആണവ റിയാക്ടറുകളാണ് ഇതിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. അതിനാല്‍ ഇന്ധനം നിറക്കാതെ വര്‍ഷങ്ങളോളം വേണമെങ്കില്‍ കടലില്‍ തന്നെ തുടരാന്‍ കപ്പലിന് സാധിക്കും.ഒരു വശത്ത് ചര്‍ച്ചകളും മധ്യസ്ഥ നീക്കങ്ങളും നടക്കുന്നതിനിടെയാണ് അമേരിക്ക വലിയ രീതിയിലുള്ള പടയൊരുക്കം നടത്തുന്നത്. അതേസമയം, യുഎസ് ആദ്യം ആക്രമിക്കട്ടെ എന്ന് കരുതി കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാന് വ്യക്തമാക്കി. സായുധ സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമായി പൂര്‍ത്തിയാക്കാനാണ് നയതന്ത്ര ചര്‍ച്ചകളുമായി യുഎസ് ഇറങ്ങിയതെന്ന് ഇറാന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് പുതിയ സൈനിക വിന്യാസം. യുഎസ് മുന്നറിയിപ്പ് റഡാര്‍ സംവിധാനത്തെയും ഹെലികോപ്റ്റര്‍ കേന്ദ്രത്തെയും ലക്ഷ്യമിട്ടതായി ഇറാന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന അവകാശവാദം യുഎസ് നിഷേധിച്ചു. രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ തടഞ്ഞതായും അമേരിക്ക അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.





