കൈവിരലിലെ ഞൊട്ടയിടുന്നത് സന്ധിവാതത്തിന് കാരണമാകുമോ? പഠനങ്ങൾ പറയുന്നത്

വെറുതെയിരിക്കുമ്പോഴും വിരസത മാറ്റാനും ചിലപ്പോഴൊക്കെ ടെൻഷനടിക്കുമ്പോഴും കൈ വിരലുകളിലെ ഞൊട്ടയിടുന്ന ശീലം പലർക്കുമുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതൊരു ശീലമായി മാറുകയും ദിവസം ഒരു തവണയെങ്കിലും ചെയ്തില്ലെങ്കിൽ അസ്വസ്ഥത തോന്നുകയും ചെയ്യുന്നവർ പോലുമുണ്ട്. പലപ്പോഴും വീട്ടിലെ മുതിർന്നവർ ഈ ശീലം സന്ധിവാതത്തിന് കാരണമാകുമെന്ന് ശാസിക്കാറുണ്ട്. എന്നാൽ വിരലുകൾ ഇങ്ങനെ ഞൊട്ടയിടുന്നത് ശരിക്കും വാതത്തിന് കാരണമാകുമോ? ശരീരശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇതിന് പിന്നിലെ യഥാർഥ വസ്തുതകൾ പരിശോധിക്കാം.നമ്മൾ വിരലുകൾ ഞൊട്ടയിടുമ്പോൾ അസ്ഥികൾ തമ്മിൽ മുട്ടുന്ന ശബ്ദമല്ല കേൾക്കുന്നത്. നമ്മുടെ സന്ധികൾക്കിടയിൽ ഘർഷണം കുറയ്ക്കാനായി ഒരു ദ്രാവകമുണ്ട്. ഇതിനെ ‘സിനോവിയൽ ഫ്ലൂയിഡ്’ എന്ന് വിളിക്കുന്നു. ഈ ദ്രാവകത്തിൽ നൈട്രജനും കാർബൺ ഡൈ ഓക്സൈഡും അടക്കമുള്ള വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. വിരലുകൾ വലിച്ച് നീട്ടുമ്പോൾ സന്ധികൾക്കുള്ളിലെ മർദം പെട്ടെന്ന് കുറയുന്നു. ലയിച്ചുചേർന്ന വാതകങ്ങൾ ചെറിയ കുമിളകളായി മാറുന്നു. ഈ കുമിളകൾ പെട്ടെന്ന് പൊട്ടുന്ന ശബ്ദമാണ് നമ്മൾ കേൾക്കുന്നത്. ഒരിക്കൽ പൊട്ടിച്ചാൽ ഈ വാതകങ്ങൾ വീണ്ടും ആ ദ്രാവകത്തിൽ ലയിച്ചുചേരാൻ 20 മിനിറ്റ് സമയമെടുക്കും. അതുകൊണ്ടാണ് തൊട്ടടുത്ത നിമിഷം വീണ്ടും ഞൊട്ടയിടാൻ കഴിയാത്തത്. വിരൽ പൊട്ടിക്കലും വാതവും തമ്മിൽ ബന്ധമുണ്ടോയെന്ന് പഠിക്കാൻ ശാസ്ത്രലോകം പല പരീക്ഷണങ്ങളും നടത്തിയിരുന്നു. അത്തരത്തിൽ, കാലിഫോർണിയയിലെ ഡോക്ടറായ ഡൊണാൾഡ് അൺഗർ ഒരു വിചിത്ര പരീക്ഷണം നടത്തി. അദ്ദേഹം തന്റെ ജീവിതത്തിലെ 60 വർഷം തുടർച്ചയായി ഇടതുകൈയിലെ വിരലുകൾ മാത്രം ദിവസം രണ്ട് തവണ വീതം ഞൊട്ടയിട്ടു. എന്നാൽ വലതുകൈയിലെ വിരലുകൾ ഒരിക്കൽ പോലും പൊട്ടിച്ചതുമില്ല. 60 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഇരു കൈകളും എക്സ്-റേ എടുത്ത് പരിശോധിച്ചു. അത്ഭുതമെന്നു പറയട്ടെ, രണ്ട് കൈകൾക്കും യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല. ഇടതുകൈക്ക് സന്ധിവാതത്തിന്റെ ഒരു ലക്ഷണം പോലുമുണ്ടായിരുന്നില്ല. ഈ അസാധാരണ ഗവേഷണത്തിന് അദ്ദേഹത്തിന് വിഖ്യാതമായ ഇഗ് നോബൽ സമ്മാനവും ലഭിച്ചു.ഞൊട്ടയിടുന്നത് സന്ധിവാതം ഉണ്ടാക്കില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ ശീലം പൂർണമായും നിരുപദ്രവകാരിയാണെന്ന് പറയാൻ കഴിയില്ല. അമിതമായി വിരൽ പൊട്ടിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. സ്ഥിരമായി വിരൽ പൊട്ടിക്കുന്നവരിൽ കൈകളുടെ പിടുത്തം (Grip strength) കുറയാൻ സാധ്യതയുണ്ട്. വിരലുകൾ അമിതമായി ബലപ്രയോഗം നടത്തി വലിച്ച് പൊട്ടിക്കുന്നത് സന്ധികൾക്ക് ചുറ്റുമുള്ള ലിഗമെന്റുകൾക്ക് വലിച്ചിലോ നീർവീക്കമോ ഉണ്ടാക്കിയേക്കാം. മൃദുവായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button