കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ക്രിക്കറ്റും ഹോക്കിയും ഔട്ട്; ഇന്ത്യക്ക് തിരിച്ചടി
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്ന മത്സരങ്ങൾ കൂട്ടത്തോടെ ഒഴിവാക്കി. ക്രിക്കറ്റ് ഉൾപ്പെടെയുള്ള ഇനങ്ങളാണ് 2026 സ്‌കോട്ട്‌ലാൻഡിലെ ഗ്ലാസ്‌ഗോ ഗെയിംസിൽ നിന്ന് വെട്ടിയത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.ക്രിക്കറ്റിന് പുറമെ ഇന്ത്യ മേധാവിത്വം പുലർത്തിയ ഹോക്കി, ഗുസ്തി,ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്,ഷൂട്ടിങ് ഇനങ്ങളും ഗെയിംസിലുണ്ടാകില്ല. റഗ്ബി, സ്‌ക്വാഷ് ഇനങ്ങളാണ് ഒഴിവാക്കിയ മറ്റു പ്രധാന ഗെയിമുകൾ. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2022ലാണ് കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മടക്കികൊണ്ടുവന്നത്. ജൂലൈ 23 മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ടി20 മത്സരമാണ് കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ നടന്നത്. ഫൈനലിൽ ആസ്‌ത്രേലിയയോട് തോറ്റ ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു. കഴിഞ്ഞ ഗെയിംസിൽ 22 സ്വർണമടക്കം ഇന്ത്യ 61 മെഡലുകളാണ് വാരിക്കൂട്ടിയത്. റെസ്‌ലിങിൽ നിന്ന് 12ഉം ബോക്‌സിങ്,ടേബിൾ ടെന്നീസിൽ നിന്നായി ഏഴ് വീതവും ബാഡ്മിന്റണിൽ നിന്ന് ആറു മെഡലുമാണ് നേടിയത്. ഈ കായിക ഇനങ്ങൾ ഒഴിവാക്കിയാൽ മെഡൽ പകുതിയായി ചുരുങ്ങും.