സൈബർ സെൽ സഹായിച്ചു, ഷെയർ മാർക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതിയെ രാമങ്കരി പൊലീസ് വലയിലാക്കി
ആലപ്പുഴ: ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയിൽ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. രാമങ്കരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി സ്വദേശി മെജോ എം മൈക്കൾ (43) നെയാണ് പൊലീസ് തൃപ്പുണിത്തറയിൽ നിന്നും പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. രാമങ്കരി സ്വദേശിയെ കൂടാതെ ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും ഇയാൾ 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുള്ളതായും പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതായിട്ടുണ്ടെന്നും രാമങ്കരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. രാമങ്കരി പോലീസ് ഇൻസ്പെക്ടർ വി ജയകുമാന്റെ നേതൃത്വത്തിൽ എസ് ഐ ജിജു, ജി എസ് ഐ പ്രേംജിത്ത്, ഷൈലകുമാർ, സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.