പൊള്ളുന്ന വൈദ്യുതി ബിൽ കണ്ടുമടുത്തോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിൽ പകുതിയായി കുറയ്ക്കാം

ആധുനികലോകത്ത് മനുഷ്യന് ഒരുകാരണവശാലും ഒഴിവാക്കാനാകാത്ത ഘടകമായി മാറിയിരിക്കുകയാണല്ലോ വൈദ്യുതി. മഴക്കാലമായാലും ചൂടുകാലമായാലും പല ആവശ്യങ്ങൾക്കായി വൈദ്യുതിയെ ഉപയോഗിക്കുന്നവരാണ് നാം. അതേസമയം, പലതരത്തിലുള്ള കണക്കുകൂട്ടലുകൾ മാസംതോറും നടത്തിയാലും ഉയർന്ന വൈദ്യുതി ബിൽ കണ്ട് കുഴഞ്ഞുപോകുന്ന സാഹചര്യങ്ങൾ ചിലപ്പോഴൊക്കെ നമ്മളിലേക്ക് എത്തിനോക്കാറുണ്ട്. എന്നാൽ, വീടുകളിലെ വൈദ്യുതി ബിൽ അമിതമായി വർധിക്കുന്നതിന് പിന്നിൽ നാം അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ പ്രധാന കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. നമ്മുടെ നിത്യജീവിതത്തിലെ ചില അശ്രദ്ധകള്‍ എങ്ങനെയാണ് സാമ്പത്തിക ബാധ്യതയായി മാറുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉയർന്ന വൈദ്യുതി ബില്ലിന് കാരണമായേക്കാവുന്ന ആറ് പ്രധാന തെറ്റുകൾ പരിശോധിക്കാം. 1. ഉപകരണങ്ങള്‍ പ്ലഗ് ചെയ്തുതന്നെ ഇടുന്നത്: ടിവി, മൊബൈല്‍ ചാര്‍ജറുകള്‍, ലാപ്‌ടോപ്പ്, മൈക്രോവേവ് എന്നിവ ഉപയോഗം കഴിഞ്ഞാലും സ്വിച്ച് ഓഫ് ചെയ്യാതെ, പ്ലഗ് ചെയ്തുതന്നെ ഇടുന്നത് വലിയൊരു തെറ്റാണെന്നാണ് വിദഗ്ധരുടെ പക്ഷം. ഇവ പ്രവര്‍ത്തനരഹിതമാണെങ്കിലും ചെറിയ അളവില്‍ വൈദ്യുതി വലിച്ചെടുക്കുന്നുണ്ട്. ഇതിനെ ‘ഫാന്റം പവര്‍’ എന്നാണ് വിളിക്കുന്നത്. ഉപയോഗശേഷം പ്ലഗ് ഊരിയിടുന്നത് വൈദ്യുതി ലാഭിക്കാന്‍ ഒരു അളവ് വരേയ്ക്കും സഹായിക്കും. 2. പഴയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം: 10-15 വര്‍ഷം പഴക്കമുള്ള ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ ഉപയോഗിക്കുന്നത് വൈദ്യുതി ബില്‍ കുത്തനെ ഉയര്‍ത്താനിടയാക്കിയേക്കും. പുതിയ സാങ്കേതികവിദ്യയിലുള്ള സ്റ്റാര്‍ റേറ്റിങ് ഉള്ള ഉപകരണങ്ങളെ അപേക്ഷിച്ച് പഴയവ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുകയും തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടാവുകയും ചെയ്യുന്നവയാണെന്നാണ് റിപ്പോർട്ടുകൾ. 3. എയര്‍ കണ്ടീഷണറുകളുടെ അമിത ഉപയോഗം: എസി 18 ഡിഗ്രിയില്‍ വെക്കുന്നത് വലിയ ഊര്‍ജ്ജ നഷ്ടമാണ് ഉണ്ടാക്കുന്നത്. താപനില 24-26 ഡിഗ്രി സെല്‍ഷ്യസിലേക്ക് ക്രമീകരിക്കുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, എസി ഫില്‍ട്ടറുകള്‍ വൃത്തിയാക്കാതെ വെക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തുകയും ഉപകരണം കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് വൈദ്യുതി ബിൽ ഉയർത്താനിടയാക്കിയേക്കും. 4. അനാവശ്യമായ ഫാന്‍ ഉപയോഗം: ആളില്ലാത്ത മുറികളിൽ സീലിങ് ഫാന്‍ ഓഫ് ചെയ്യാതെ വെക്കുന്നത് അധികപേരും വരുത്തിവെക്കുന്ന അബദ്ധമാണ്. ഇത് വലിയൊരളവ് വരേ ഊര്‍ജ്ജം പാഴാക്കുന്ന ശീലമാണെന്ന് അധികപേരും അറിയുന്നില്ല. മുറിയില്‍ ആളില്ലാത്തപ്പോള്‍ ഫാന്‍ ഓഫാക്കാന്‍ ശ്രദ്ധിക്കുന്നത് പോക്കറ്റ് കീറാതിരിക്കാൻ സഹായിച്ചേക്കും. 5. അമിത താപനിലയുള്ള ചൂടുവെള്ളം: വാട്ടര്‍ ഹീറ്ററുകളുടെ താപനില അമിതമായി ക്രമീകരിക്കുന്നത് അനാവശ്യമായ വൈദ്യുതി ചെലവിലേക്ക് നയിക്കും. ഇത് 120 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് ക്രമീകരിക്കുന്നത് വൈദ്യുതി ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കും. 6. തുണികള്‍ അലക്കുന്നതിലും ഇസ്തിരിയിടുന്നതിലും വരുത്തുന്ന പിഴവുകള്‍: ചെറിയ അളവില്‍ വസ്ത്രങ്ങള്‍ക്കായി വാഷിങ് മെഷീന്‍ ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ഇത്തരത്തിൽ, നിസാര കാര്യങ്ങൾക്ക് പോലും വാഷിങ് മെഷീൻ ഓൺ ചെയ്യുന്നതും അലക്കിയ വസ്ത്രങ്ങള്‍ പിഴിയാതെ ഇസ്തിരിയിടുന്നതും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കും. ഇത് പരിഹരിക്കാൻ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് വാഷിങ് മെഷീനിൽ അലക്കാനായി നിശ്ചയിക്കുന്നത് നല്ല ശീലമായിരിക്കും. ഈ ശീലങ്ങളൊക്കെയും പ്രതിദിനം ശ്രദ്ധിച്ചാൽ പോലും പൊള്ളുന്ന വൈദ്യുതി ബിൽ കയ്യിൽ കിട്ടാനുള്ള സാധ്യതയേറെയാണ്. പരമാവധി സൂക്ഷ്മത കാണിച്ചിട്ടും വൈദ്യുതി ബില്ലിൽ വൻ വർധനവ് ശ്രദ്ധയിൽ പെട്ടാൽ വയറിങ്ങിലെ തകരാറുകൾ പരിശോധിക്കാനും വിദഗ്ധരുടെ സഹായം തേടാനുമാണ് പിന്നീട് ശ്രമം നടത്തേണ്ടത്. ഇത്തരത്തിലുള്ള ചെറിയ കരുതലുകൾ ജീവിതത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലൂടെ മാസാവസാനമുള്ള ചെലവുകളിൽ ആശ്വാസകരമായൊരു മാറ്റം കൊണ്ടുവരാൻ സഹായിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button