ശബരിമല വെര്‍ച്വൽ ക്യൂ: നിയന്ത്രണം കടുപ്പിക്കും; സ്ലോട്ട് മറിച്ചുവിൽക്കുന്നത് തടയാന്‍ പുതിയ പരിഷ്കാരങ്ങള്‍
ബുക്ക് ചെയ്ത ദിവസം ദര്ശനത്തിനെത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ഈ മണ്ഡലകാലത്ത് പിന്നീട് ദര്‍ശനത്തിനായി പുതിയ സ്ലോട്ട് അനുവദിക്കില്ല. എന്നാല്‍, നിശ്ചയിച്ച ദിവസം എത്താന്‍ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസത്തേക്ക് സമയം മാറ്റി നൽകും
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ അയല്‍ സംസ്ഥാനങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്നത് തടയാന്‍ നടപടികളുമായി പൊലീസും ദേവസ്വം ബോര്‍ഡും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സോഫ്റ്റ്വെയറില് മാറ്റങ്ങള്‍ വരുത്തി ഇത്തരം ക്രമക്കേടുകള്‍ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ബുക്ക് ചെയ്ത ദിവസം ദര്ശനത്തിനെത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ഈ മണ്ഡലകാലത്ത് പിന്നീട് ദര്‍ശനത്തിനായി പുതിയ സ്ലോട്ട് അനുവദിക്കില്ല. എന്നാല്‍, നിശ്ചയിച്ച ദിവസം എത്താന്‍ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസത്തേക്ക് സമയം മാറ്റുന്നതിനും ബുക്കിങ് റദ്ദാക്കുന്നതിനും സൗകര്യമുണ്ടാകും. പുതിയ പരിഷ്കാരങ്ങള്‍ ഈ മണ്ഡലകാലത്തുതന്നെ നടപ്പാക്കാനാണ് നീക്കം.
കൂട്ടത്തോടെയുള്ള ബുക്കിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിത ഒടിപി വെരിഫിക്കേഷന് കഴിഞ്ഞ ദിവസം മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ തീര്‍ഥാടകന്റെയും ആധാര്‍ നമ്പര്‍ നല്കി, അതുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇനി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനാകൂ.
ഓരോ അയ്യപ്പന്റെയും ടിക്കറ്റില്‍ പ്രത്യേക ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. പമ്പയിലോ നിലയ്ക്കലിലോ വെച്ച് ക്യുആര്‍ കോഡ് പരിശോധിക്കുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്. എന്നാല്‍, ഈ സംവിധാനം ഉടന്‍ നടപ്പാക്കില്ലെന്നാണ് സൂചന.
അതേസമയം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 30 വരെ പ്രതിദിനം 5,000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരമൊരുക്കാനാണ് തീരുമാനം.
വലിയ തോതില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടന്നിട്ടും അതിനനുസരിച്ച് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്താത്ത സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അവസരം നല്കാന് ബോര്‍ഡ് തീരുമാനിച്ചത്. മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നേരത്തേ തന്നെ പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു. പുതിയ പരിധി വര്‍ധിപ്പിക്കുന്നത് തീര്‍ത്ഥാടകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.
നിലവില്‍ പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി 66,000 പേര്‍ക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആകെ 80,000 പേര്. വെര്‍ച്വല്‍ ക്യൂവില്‍ 5,000 പേരെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ പ്രതിദിന പരിധി 85,000 ആയി ഉയരും.





