നെയ്യാര്‍ഡാം ജലസംഭരണി തീരം വീണ്ടും ചീങ്കണ്ണി പേടിയിൽ
കാട്ടാക്കട: ചീങ്കണികളുടെ പ്രജനനകാലമായതോടെ നെയ്യാര്‍ഡാം ജലസംഭരണിതീരം വീണ്ടും ചീങ്കണ്ണി പേടിയിലായി. നെയ്യാർ ജലാശയത്തിലും സമീപ ജനവാസ മേഖലകളിലും വീണ്ടും ചീങ്കണ്ണികളുടെ സാന്നിധ്യം വ്യാപകമായ സാഹചര്യത്തില്‍ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നആവശ്യം ശക്തമായി. കഴിഞ്ഞ കുറച്ചുകാലമായി ശാന്തമായിരുന്ന പ്രദേശത്ത് വീണ്ടും കരകളിലേക്ക് ചീങ്കണ്ണികൾ കയറി തുടങ്ങി.ഒരുഇടവേളയ്ക്കുശേഷം ചീങ്കണ്ണികളെ കണ്ടുതുടങ്ങിയതോടെ നാട്ടുകാരിലും വിനോദസഞ്ചാരികളിലും വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ കുളിക്കടവുകളിലും തീരങ്ങളിലും ആളുകൾ കുളിക്കാനും ഇറങ്ങുന്നത് വലിയ അപകടസാധ്യത ഉയർത്തുന്നു. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവ് ചീങ്കണ്ണികളുടെ പ്രജനന അവ കൂടുതൽ ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്ന് കാട്ടി വനംവകുപ്പ് നെയ്യാര്‍ സംഭരണി തീരങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് മുന്‍കരുതലുകളൊന്നുമില്ല. 1983ല്‍ അന്നത്തെ വനം മന്ത്രി കെ.പി. നൂറുദ്ദീൻ ആയിരുന്നു നെയ്യാർ ജലാശയത്തിലേക്ക് ചീങ്കണ്ണികളെ തുറന്നുവിട്ടത്.1983-ൽ 36 ചീങ്കണ്ണികളെയാണ് ജലാശയത്തിലേക്ക് തുറന്നുവിട്ടത്. വേണ്ടത്ര പഠനവും നിരീക്ഷണവും ഇല്ലാതെ സ്വീകരിച്ച നടപടിയിലൂടെ നെയ്യാർ വ്യഷ്ടിപ്രദേശത്തിന്റെ കാപ്പുകാട് മുതൽ അമ്പൂരി വരെയുള്ള പ്രദേശങ്ങളിലെ 1400ഓളം കുടുംബങ്ങളിൽ സ്യഷ്ടിച്ചിട്ടുള്ള അപകടം വലുതാണ്. ഒരുഇടവേളയ്ക്കുശേഷം ചീങ്കണ്ണികളെ കണ്ടുതുടങ്ങിയതോടെ പേടി വീണ്ടുമുയര്ന്നിരിക്കുകയാണ്.ചീങ്കണ്ണി പാര്‍ക്കില്‍ നിന്നും കൂടുതൽ ചീങ്കണ്ണികളെ ജലാശയത്തിലേക്ക് തുറന്നുവിട്ടതോടെയാണ് ചീങ്കണ്ണി ആക്രമണം വർദ്ധിച്ചത്. വളര്‍ത്തു മൃഗങ്ങളും പക്ഷികളെയുമായിരുന്നു ആദ്യം ചീങ്കണ്ണികള്‍ ആക്രമിച്ചത്. പിന്നീട് നരഭോജികലായതോടെയാണ് നാട്ടില്‍ കോലാഹലമുണ്ടായത്. ലോകബാങ്ക് ഫോർട്രി പ്രോജക്റ്റിന്റെ കീഴിൽ, നെയ്യാർ വന്യജീവി സങ്കേതത്തിലെ മനുഷ്യ-ചീങ്കണ്ണി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി 2000-ൽ ഒരു പഠനവും നടത്തിയിരുന്നുമനുഷ്യർക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കൃഷ്ണമ്മയ്ക്ക് കൈ നഷ്ടപ്പെട്ടു. രണ്ട് ദശാബ്ദം മുന്‍പ് സ്ത്രീയെ ജലാശയത്തിന്റെ മധ്യത്തിലേക്ക് വലിച്ച് കൊണ്ടുപോയി മുക്കി കൊന്നു. ഇരയുടെ മൃതദേഹവുമായി ചീങ്കണ്ണി വെള്ളത്തിന് മുകളിലേക്ക് വന്നു. തുടർന്ന് ജലാശയത്തിന് കരയിൽ ആളുകൾ തടിച്ചുകൂടുകയും, ചീങ്കണ്ണി വെള്ളത്തിനടിയിലേക്ക് മുങ്ങുകയും ചെയ്തു.5 മണിക്കൂറോളം നാട്ടുകാരെ മുള്മുനയാലിക്കായ ചീങ്കണ്ണിയെ അന്നത്തെ നെയ്യാർഡാം സബ് ഇൻസ്പെക്ടർ പ്രശാന്തൻ കാണി (ഇപ്പോള്‍ തിരുവനന്തപുരം റൂറൽ എസ്.പി) വെടി വച്ച് വീഴ്ത്തിയാണ് സ്ത്രീയുടെ മൃതശരീരം കരയ്ക്കെത്തിച്ചത്. പിന്നീട് തുടർച്ചയായി ചീങ്കണ്ണി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടുണ്ടായ ജനരോഷത്തെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പ്രദേശം സന്ദർശിക്കുകയും നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ജനങ്ങൾക്ക് സുരക്ഷിതമായി വെള്ളം ഉപയോഗിക്കാൻ കുളിക്കടവുകളിൽ ഇരുമ്പ് വേലികൾ നിർമ്മിക്കുക, ജനവാസമേഖലയിൽ ഭീഷണിയായ ചീങ്കണ്ണികളെ പിടിച്ച് മാറ്റിപ്പാർപ്പിക്കുക, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക എന്നിവയായിരുന്നു കമ്മീഷന്റെ പ്രധാന നിർദ്ദേശങ്ങൾ. ഇതിന്റെ ഭാഗമായി മുൻപ് ചില നടപടികൾ സ്വീകരിച്ചെങ്കിലും കമ്മീഷൻ മുന്നോട്ടുവെച്ച ശാശ്വത സുരക്ഷാ സംവിധാനങ്ങൾ പലതും പിന്നീട് ഒന്നും നടന്നില്ല.





