ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂർ: കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊരട്ടി ഗവ. പ്രസിന് സമീപം വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരൻ വാഹനം നിർത്തി ഉടൻ പുറത്തിറങ്ങി. ഇതോടെ വൻ ദുരന്തം ഒഴിവായി. പിന്നാലെ സ്കൂട്ടർ പൂർണമായും കത്തിനശിക്കുകയായിരുന്നു. നായ്മംഗലശ്ശേരി സ്വദേശിയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നാണ് വിവരം. സംഭവമറിഞ്ഞ് ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ചാലക്കുടി പൊലീസും സ്ഥലത്തെത്തി സഹായിച്ചു .





