മെസ്സിയുടെ പേരിലെ തട്ടിപ്പ്: 22.5 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിൽ റിപ്പോർട്ടർ കമ്പനിക്ക് പുതിയ നോട്ടീസ് അയക്കും
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് ജിഎസ്ടി വകുപ്പ് പുതിയ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു. 22.5 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഈ ഇടപാടിൽ നടന്നിരിക്കുന്നത്. ഈ തുകയും അതിന്മേലുള്ള പലിശയും പിഴപ്പലിശയും അടക്കം എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാകും കമ്പനിക്ക് നോട്ടീസ് നൽകുക. ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്. റിപ്പോർട്ടർ കമ്പനിക്ക് പുതിയ നോട്ടീസ് നൽകണമെന്ന ശിപാർശ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച തന്നെ ജിഎസ്ടി കമ്മീഷണർക്ക് കൈമാറുമെന്നാണ് വിവരം. അടയ്ക്കേണ്ട തുക വളരെ വലുതായതിനാൽ ഒരു ജോയിൻ്റ് കമ്മീഷണർ തലത്തിലുള്ള ഉദ്യോഗസ്ഥനാകും നോട്ടീസ് അയക്കുക. മിക്കവാറും കൊച്ചി കേന്ദ്രീകരിച്ചുള്ള ജോയിൻ്റ് കമ്മീഷണർക്കായിരിക്കും ഇതിന്റെ ചുമതല നൽകുക.മെസ്സിയുമായി ബന്ധപ്പെട്ട പരിപാടിക്കായി ആദ്യഘട്ടത്തിൽ 126 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതിന് നൽകേണ്ട ജിഎസ്ടി തുകയായ 22.5 കോടി രൂപ കമ്പനി അടച്ചിരുന്നില്ല. മുൻപ് നോട്ടീസ് നൽകുകയും ഹിയറിങ് ഉൾപ്പെടെ നടക്കുകയും ചെയ്തിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിരുന്നില്ല. സർക്കാരിന്റെ തന്നെ ഒരു പദ്ധതിയുടെ സ്പോൺസറായിട്ടാണ് റിപ്പോർട്ടർ കമ്പനി അന്ന് എത്തിയത് എന്നതിനാൽ മുൻപ് നടപടികളിൽ ചില അലംഭാവങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിൽ കർശന നടപടികളിലേക്ക് കടക്കാനാണ് വകുപ്പിന്റെ തീരുമാനം.നോട്ടീസ് ലഭിച്ചിട്ടും നികുതിയും പിഴയും അടക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ കർശനമായ റിക്കവറി നടപടികളിലേക്ക് വകുപ്പ് കടക്കും. നിലവിൽ അന്താരാഷ്ട്ര കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ആർബിട്രേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഈ നടപടികൾ റദ്ദാക്കപ്പെട്ട് പണം തിരികെ ലഭിക്കുകയാണെങ്കിൽ കമ്പനിക്ക് പിന്നീട് റീഫണ്ടിനായി ആവശ്യപ്പെടാവുന്നതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിഴപ്പലിശയടക്കമുള്ള വലിയൊരു തുക റിപ്പോർട്ടർ കമ്പനി ജിഎസ്ടി വകുപ്പിന് അടക്കേണ്ടി വരും എന്നത് ഉറപ്പായിരിക്കുകയാണ്.





