BusinessCrimeSpot light

‘ആ ഒടിപി തരോ’? പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

കൊച്ചി: വാട്സ്ആപ്പ് ഹാക്കിംഗിനെതിരെ കരുതിയിരിക്കാന്‍ കൊച്ചി പൊലീസിന്‍റെ മുന്നറിയിപ്പ്. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കൊച്ചിയില്‍ പൊലീസിന് കിട്ടിയിരിക്കുന്നത്. ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായ പരാതികളാണ് വാട്സ്ആപ്പ് ഹാക്കിംഗുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന് കിട്ടുന്നത്. ഒടിപി തട്ടിപ്പിലൂടെയാണ് വാട്സ്ആപ്പ് ഹാക്കിംഗ് നടക്കുന്നത്. ഒരു നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിലുളള നമ്പരുകളെല്ലാം വിദഗ്ധമായി ഹാക്ക് ചെയ്യും. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ അയച്ച് കൊടുത്താൽ വാട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഒരു സുഹൃത്തിന്‍റെ വാട്സ്ആപ്പ് നമ്പറില്‍ നിന്നാണ് അബദ്ധത്തില്‍ താങ്കളുടെ നമ്പറിലേക്ക് ഒരു ഒടിപി അയച്ച് പോയി എന്ന് പറഞ്ഞ് ഒരു സന്ദേശം എത്തുന്നതെന്ന് കൊച്ചിയില്‍ തട്ടിപ്പിനിരയായ മാധ്യമപ്രവര്‍ത്തക പറയുന്നു. സുഹൃത്തിന്‍റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷമാണ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സന്ദേശമയക്കുന്നത്. വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നതിന് പിന്നാലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളുമെത്തും. തട്ടിപ്പിനെ കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button