ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്

കൊയിലാണ്ടി: മാലിന്യ ശേഖരണത്തിനിടെ ഹരിതകര്‍മസേനാംഗങ്ങളെ ഞെട്ടിച്ച് മാലിന്യച്ചാക്കിനുള്ളില്‍ ജീവനുള്ള പെരുമ്പാമ്പ്. കോഴിക്കോട് കൊയിലാണ്ടി നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിലാണ് അപൂര്‍വവും അപകടകരവുമായ സംഭവം ഉണ്ടായത്. ചാക്ക് തുറന്നയുടന്‍ പെരുമ്പാമ്പ് പുറത്തേക്ക് ചാടിയെങ്കിലും ജീവനക്കാര്‍ തലനാരിഴയ്‌ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.മുത്താമ്പി പാലത്തിന് സമീപമുള്ള എം.സി.എഫ്. സെന്ററിലെത്തിച്ച മാലിന്യച്ചാക്ക് വീണ്ടും ഉപയോഗിക്കാനായി തുറന്നപ്പോഴാണ് ചാക്കിനുള്ളില്‍ ജീവനോടെയുണ്ടായിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഹരിതകര്‍മസേനാംഗങ്ങളായ റീന, ഇബ്‌ന, സലീല എന്നിവരാണ് സംഭവം നേരില്‍ കണ്ടത്. രണ്ടുദിവസം മുമ്പ് ശേഖരിച്ച ചാക്കായതിനാല്‍ അതില്‍ വീണ്ടും മാലിന്യം നിറയ്‌ക്കാനായിരുന്നു ജീവനക്കാര്‍ ശ്രമിച്ചത്. ചാക്കിന്റെ കെട്ടഴിച്ചതോടെ പെരുമ്പാമ്പ് പുറത്തേക്ക് ഇഴഞ്ഞിറങ്ങുകയായിരുന്നു.ആദ്യം ചത്ത പാമ്പാണെന്നാണ് കരുതിയതെങ്കിലും അത് ചലിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതിയുടെ ഗൗരവം മനസ്സിലായത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ മുന്‍പും പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും മനഃപൂര്‍വം ജീവനുള്ള പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി മാലിന്യമായി കൈമാറുന്ന സംഭവം ഇതാദ്യമാണെന്ന് ഹരിതകര്‍മസേനാംഗങ്ങള്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചു. ചാക്ക് ഏത് പ്രദേശത്തുനിന്നാണ് ശേഖരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിയെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button