Sports

തലനാരിഴയില്‍ തല മാറുന്നു! പോയിന്റ് പട്ടകയിലല്ല, ഇവിടെയാണ് പോര്, അഞ്ഞൂറാന്മാരുടെ കളി

ബാറ്റര്‍മാര്‍ കണ്‍സിസ്റ്റന്റാകുമ്പോള്‍ ഓറഞ്ച് ക്യാപ് ഇൻകണ്‍സിസ്റ്റന്റാകും. ഐപിഎല്‍ ആവേശാന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് റണ്‍വേട്ടക്കാരുടെ ഇടയിലെ പോര്. ടൂര്‍ണമെന്റിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുണ്ടോയെന്ന് തന്നെ സംശയം. സൂര്യകുമാര്‍ യാദവും വിരാട് കോലിയും ഗുജറാത്തിന്റെ ത്രിമൂര്‍ത്തികളായ ജോസ് ബട്ട്ലര്‍, സായ് സുദര്‍ശൻ, ശുഭ്മാൻ ഗില്‍ എന്നിവരും തമ്മിലാണ് പോരാട്ടം. ഏറ്റവും വലിയ കൗതുകം ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാറും രണ്ടാം സ്ഥാനത്തുള്ള സായിയും മൂന്നാമതുള്ള ഗില്ലും തമ്മില്‍ ഓരോ റണ്‍സിന്റെ വ്യത്യാസം മാത്രമാണുള്ളത്. സൂര്യകുമാര്‍ 510 റണ്‍സ്, സായ് 509 റണ്‍സ്, ഗില്‍ 508 റണ്‍സ്. മുംബൈ-ഗുജറാത്ത് മത്സരം ആരംഭിക്കുമ്പോള്‍ കോലി ഒന്നാമതും സായ് തൊട്ടുപിന്നിലുമായിരുന്നു. അപ്പോഴും വ്യത്യാസം ഒരു റണ്‍ മാത്രം. സൂര്യയായിരുന്നു മൂന്നാമത്, നാലാമത് യശസ്വി ജയ്സ്വാളും അഞ്ചാമത് ബട്ട്ലറും. സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. 12 മത്സരങ്ങളില്‍ ഒരിക്കല്‍പ്പോലും സ്കോര്‍ 25ന് താഴെ പോയിട്ടില്ല. 12 കളികളില്‍ നിന്നാണ് താരം 510 റണ്‍സ് നേടിയത്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍. 51 ഫോര്‍ 26 സിക്സ്. ആദ്യ അഞ്ച് റണ്‍വേട്ടക്കാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ളതും സൂര്യക്ക് തന്നെയാണ്. 170ന് മുകളിലാണ് വലം കയ്യൻ ബാറ്ററുട പ്രഹരശേഷി. നാല് മത്സരങ്ങളില്‍ എതിരാളികള്‍ക്ക് സൂര്യയെ പുറത്താക്കാൻ പോലും സാധിച്ചില്ല. മുംബൈക്കെതിരെ സായ്ക്ക് സംഭവിച്ചത് സീസണിലെ രണ്ടാമത്തെ മാത്രം വീഴ്ചയാണ്. കളിച്ച 11 മത്സരങ്ങളില്‍ ഒൻപത് എണ്ണത്തിലും 35ന് മുകളിലാണ് സായിയുടെ സ്കോര്‍. 46 ശരാശരിയില്‍ 509 റണ്‍സ് നേട്ടം. അഞ്ച് അര്‍ദ്ധ സെഞ്ച്വറികളും ഇടം കയ്യൻ ബാറ്ററുടെ പേരിലുണ്ട്. ട്വന്റി 20 ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുമടിയായി മികച്ച സ്ട്രൈക്ക് റേറ്റും. സീസണില്‍ 153 സ്ട്രൈക്ക് റേറ്റിലാണ് സായ് ഇന്നിങ്സുകള്‍ പാകപ്പെടുത്തിയിരിക്കുന്നത്. സമാനമാണ് ഗില്ലും, 11 കളികളില്‍ നിന്ന് അഞ്ച് അര്‍ദ്ധ സെഞ്ച്വറിയോടെ 508 റണ്‍സ്. സ്ട്രൈക്ക് റേറ്റും സായിയോട് ചേര്‍ന്ന് നില്‍ക്കുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിലാണ് ഗില്‍ തന്റെ ഗ്രാഫ് നന്നെ ഉയര്‍ത്തിയത്. 90, 84, 76, 43 എന്നിങ്ങനെയാണ് ഗുജറാത്ത് നായകന്റ് സ്കോര്‍. സീസണിന്റെ ആദ്യ പാദത്തില്‍ വലിയ സ്കോറിലേക്ക് ഇന്നിങ്സ് കണ്‍വേര്‍ട്ട് ചെയ്യാനാകാതെ പോയിരുന്നു ഗില്ലിന്. എന്നാല്‍, ഗില്ലിന്റെ തിരിച്ചുവരവ് ഗുജറാത്തിന്റെ വിജയങ്ങള്‍ എളുപ്പമാക്കി. വിരാട് കോലിക്ക് ഇതും പതിവുപോലെ സാധാരണമായ സീസണാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോലി ഐപിഎല്ലില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. 2023ല്‍ 639 റണ്‍സായിരുന്നു നേട്ടം, 2024ല്‍ എത്തിയപ്പോള്‍ 741 റണ്‍സായി ഉയര്‍ത്താൻ കോലിക്കായി. ഇത്തവണ കളിച്ച 11 മത്സരങ്ങളില്‍ ഏഴിലും കോലി അര്‍ദ്ധ ശതകം തൊട്ടിട്ടുണ്ട്. മത്സരത്തിന്റെ സാഹചര്യത്തിന് അനുകൂലമായി മാത്രം ബാറ്റ് വീശുന്ന കോലിയെയാണ് സീസണിലുടനീളം കണ്ടിട്ടുള്ളത്. സണ്‍റൈസേഴ്സിനെതിരായ ആദ്യ മത്സരത്തിലെ ഡക്ക് മാറ്റിനിര്‍ത്തിയാല്‍ ജോസ് ബട്ട്ലര്‍ സീസണില്‍ നിരാശപ്പെടുത്തിയ മത്സരങ്ങളില്ലെന്ന് തന്നെ പറയാം. 11 കളികളില്‍ 71 ശരാശരിയിലാണ് 500 റണ്‍സ് തികച്ചത്. അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും താരത്തിന്റ പേരിലുണ്ട്. ബെംഗളൂരുവിനെതിരായ 73 റണ്‍സും ഡല്‍ഹിക്കെതിരായ 97 റണ്‍സും മാച്ച് വിന്നിങ് ഇന്നിങ്സുകളാണ്. ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് ബട്ട്ലര്‍ 500 റണ്‍സ് ഒരു സീസണില്‍ തികയ്ക്കുന്നത്. ആദ്യ അഞ്ചിലുള്ളവര്‍ക്ക് അത്ര എളുപ്പമാകില്ല ഒന്നും. കാരണം പിന്നിലുള്ളവരും മികച്ച ഫോമിലാണ്. ജയ്സ്വാള്‍ 473 റണ്‍സുമായി ആറാം സ്ഥാനത്തുണ്ട്. പ്രഭ്സിമ്രാൻ സിംഗ്, നിക്കോളാസ് പൂരാൻ, ശ്രേയസ് അയ്യ‍ര്‍ എന്നിവരാണ് 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള മറ്റ് താരങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button