തിരുവനന്തപുരം നഗരസഭയിൽ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 ബിജെപി കൗൺസിലർമാർ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. ചട്ടങ്ങൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഈ 20 കൗൺസിലർമാരും നിയമാനുസൃതമായ വാചകങ്ങൾ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നഗരസഭയിലെ എൽഡിഎഫ് നേതാവ് എസ്.പി ദീപക് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ സഭാംഗങ്ങൾക്ക് നിയമപരമായി അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഔദ്യോഗികമായി നിശ്ചയിച്ചു നൽകിയ സത്യപ്രതിജ്ഞാ വാചകത്തിന് പകരം ബിജെപിയുടെ 20 കൗൺസിലർമാർ തങ്ങൾക്ക് ഇഷ്ടമുള്ള ദേവതകളുടെയും വ്യക്തികളുടെയും പേരിലാണ് പ്രതിജ്ഞ ചൊല്ലിയത്.





