നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 27.49 ലക്ഷം രൂപ പിടിച്ചെടുത്തു
അപ്പോളോ ഗോള്‍ഡ് നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും ഉൾപ്പെടെ പതിനൊന്ന് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും 52.34 ലക്ഷം രൂപ ഇഡി മരവിപ്പിക്കുകയും ചെയ്തു. രണ്ട് സ്ഥാപനങ്ങളുടേയും വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപയാണ് ഇഡി മരവിപ്പിച്ചത്.
റെയ്ഡില്‍ കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ ‘അപ്പോളോ ഗോൾഡ്’ പദ്ധതി വഴി നിക്ഷേപിക്കുന്ന ഓരോ ഒരു ലക്ഷം രൂപയ്ക്കും ആയിരം വീതം പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപകര്‍ക്ക് തുക പൂര്‍ണമായി പിന്‍വലിക്കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. കൂടാതെ പദ്ധതിയില്‍ 12 മാസത്തിനു ശേഷവും നിക്ഷേപം തുടരുന്നവര്‍ക്ക് അപ്പോളോ ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതവും നല്‍കുമെന്ന് ജ്വല്ലറി വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ വാഗ്ദാനങ്ങള്‍ സ്ഥാപനം പാലിച്ചു.
എന്നാല്‍ പിന്നീട് നിക്ഷേപ തുകയോ പലിശയോ നല്‍കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി. കേസിൽ അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ മൂസ ഹാജി ചരപ്പറമ്പില്‍, ബഷീര്‍ അടക്കമുള്ള ഡയറക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനിടെ മൂസ ഹാജി ചരപ്പറമ്പില്‍ ഒളിവില്‍ പോയി. സംഭവത്തില്‍ 42 എഫ്‌ഐആറുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെട്ടത്.